വിരമിക്കല്‍ സൂചന നല്‍കി സെറീന വില്യംസ്; യുഎസ് ഓപ്പണോടെ അവസാനിപ്പിക്കുമെന്ന് ഇതിഹാസ താരം

വിരമിക്കല്‍ സൂചന നല്‍കി സെറീന വില്യംസ്; യുഎസ് ഓപ്പണോടെ അവസാനിപ്പിക്കുമെന്ന് ഇതിഹാസ താരം

ന്യൂയോര്‍ക്ക്: ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിരമിക്കല്‍ സൂചന നല്‍കിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം സെറീന കളിക്കളം വിടുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ്.

23 ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് 40 കാരിയായ സെറീന. ഇതുകൂടാതെ 14 ഡബിള്‍സിലും രണ്ട് മിക്സഡ് ഡബിള്‍സിലും താരത്തിന് ഗ്രാന്‍സ്ലാം ലഭിച്ചിട്ടുണ്ട്. കരിയറില്‍ 73 സിംഗിള്‍സുകളിലും 23 ഡബിള്‍സുകളിലും നേട്ടം സ്വന്തമാക്കിയിട്ടുള്ള സെറീന ഒളിമ്പിക്സിലും മെഡല്‍ നേടിയിട്ടുണ്ട്.

'റിട്ടയര്‍മെന്റ് എന്ന വാക്ക് ഒരിക്കലും ഞാന്‍ ഇഷ്ടപ്പെട്ടിട്ടില്ല. അതൊരു പുതിയ വാക്കാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. റിട്ടയര്‍മെന്റ് എന്നാല്‍ ഒരു പരിവര്‍ത്തന കാലമാണ്. ആ വാക്ക് ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധ ചെലുത്തണമെന്ന് എനിക്കറിയാം. അതുകൊണ്ട് 'എവലൂഷന്‍' എന്ന വാക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു.' വോഗിന് നല്‍കിയ അഭിമുഖത്തില്‍ സെറീന പറഞ്ഞു.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ സെറീന ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഹാര്‍ഡ് കോര്‍ട്ടില്‍ സ്പെയ്‌നിന്റെ നൂറിയ പരിസാസ് ഡയസായിരുന്നു സെറീനയുടെ എതിരാളി. എന്നാല്‍ സ്പാനിഷ് താരത്തെ തകര്‍ത്ത് സെറീന വിജയമാഘോഷിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ ഇതിഹാസത്തിന്റെ വിജയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.