പകര്‍ച്ചവ്യാധി: അതിജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

പകര്‍ച്ചവ്യാധി: അതിജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

കല്പറ്റ: മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് പകർച്ചവ്യാധി അതിജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ, എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറൽ പനികൾ എന്നിവയാണ് പ്രളയത്തിന് അനുബന്ധമായി കണ്ടുവരുന്ന രോഗങ്ങൾ. ഇവയ്ക്കെതിരെ വളരെ ശ്രദ്ധ വേണമെന്ന്. ഡി.എം.ഒ.കെ സക്കീന പറഞ്ഞു.

കോവിഡിൽ നാം നിന്നും പൂർണ്ണമുക്തരല്ല ക്യാമ്പുകളിൽ കഴിയുന്ന പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മുഖാവരണം കൃത്യമായി ധരിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം. കൃത്യമായി മുഖാവരണം ധരിക്കുക വഴി വായുജന്യ രോഗങ്ങളായ കോവിഡ് എച്ച്1, എൻ1, വൈറൽ പനി, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളും നിയന്ത്രിക്കാൻ സാധിക്കും. മാസ്ക് ധരിക്കുന്നതിനൊപ്പം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

മണ്ണുമായോ മലിനജലവും ആയോ സമ്പർക്കമുള്ളവരും സന്നദ്ധ പ്രവർത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക 200 മില്ലിഗ്രാം കഴിക്കണം.

വെള്ളം ഇറങ്ങുന്ന സമയത്ത് പാമ്പുകടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. വീട് വൃത്തിയാക്കാൻ പോകുന്നവർ വൈദ്യുതാഘാതം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മലിന ജലത്തിൽ ഇറങ്ങുന്നവർ കയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ത്വക്ക് രോഗങ്ങൾ, ചെങ്കണ്ണ്, ചെവിയിൽ ഉണ്ടാകുന്ന അണുബാധ എന്നിവയ്ക്ക് വൈദ്യസഹായം ഉറപ്പാക്കുക. കഴിയുന്നതും ചർമം ഈർപ്പ രഹിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതുവഴി ചർമ്മ രോഗങ്ങൾ തടയാൻ സാധിക്കും.

മങ്കിപോക്സ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ മൂന്നാഴ്ച സ്വയം നിരീക്ഷിക്കുകയും മങ്കിപാേക്സിന്റെ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്യണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.