നാസി ചിഹ്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനം; ലോവര്‍ ഹൗസില്‍ ബില്‍ പാസായി

നാസി ചിഹ്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനം; ലോവര്‍ ഹൗസില്‍ ബില്‍ പാസായി

സിഡ്‌നി: ദശലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയ ആശയത്തെ പ്രതിനിധീകരിക്കുന്ന നാസി ചിഹ്നങ്ങളുടെ പ്രദര്‍ശനം നിരോധിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പുമായി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനം. സ്വസ്തിക ഉള്‍പ്പെടെയുള്ള നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് പാസാക്കി. ബില്‍ നിയമമാകാന്‍ ഉപരിസഭ കൂടി പാസാക്കണം.

ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലാണ് നാസി ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ച് ആദ്യമായി നിയമനിര്‍മാണം നടത്തിയത്. കഴിഞ്ഞ ജൂണ്‍ മുതലാണ് വിലക്കേര്‍പ്പെടുത്തിയത്.

ക്വീന്‍സ് ലാന്‍ഡ്, ടാസ്മാനിയ എന്നീ സംസ്ഥാനങ്ങളും നിയമനിര്‍മാണത്തിനുള്ള തയാറെടുപ്പിലാണ്. ഓസ്ട്രേലിയയിലെ എട്ട് സംസ്ഥാനങ്ങള്‍, ടെറിട്ടറികള്‍ എന്നിവയില്‍ പകുതിയും നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കാനുള്ള തയാറെടുപ്പിലാണ്്.

ജൂത വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള സമുദായാംഗങ്ങളെ ദ്രോഹിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്നതാണ് നാസി ചിഹ്നങ്ങളെന്ന് ന്യൂ സൗത്ത് വെയില്‍സ് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് സ്പീക്ക്മാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

2020-ല്‍ ന്യൂ സൗത്ത് വെയില്‍സില്‍ നാസി പതാകകള്‍ പ്രദര്‍ശിപ്പിച്ച 31 സംഭവങ്ങളുണ്ടായതായി പോലീസ് പറയുന്നു. സിഡ്നി സിനഗോഗിന് സമീപമുള്ള ഒരു വീട്ടില്‍ ഉള്‍പ്പെടെ പതാക ഉയര്‍ത്തിയിരുന്നു.

ഇത്തരത്തിലുള്ള വിദ്വേഷം നിറഞ്ഞതും അപകീര്‍ത്തികരവുമായ പെരുമാറ്റം നമ്മുടെ സമൂഹത്തില്‍ പൂര്‍ണമായും അസ്വീകാര്യമാണെന്ന് മാര്‍ക്ക് സ്പീക്ക്മാന്‍ പറഞ്ഞു.

നാസി പതാകകളും സ്വസ്തിക പതിച്ച വസ്തുക്കളും ഉപയോഗിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ നിയമപ്രകാരം നിരോധിക്കപ്പെടും.

അതേസമയം നൂറ്റാണ്ടുകളായി സ്വാസ്തിക ചിഹ്നത്തിന് മതപരമായ പ്രാധാന്യം കല്‍പ്പിക്കുന്ന ഹൈന്ദവ, ബുദ്ധ, ജൈന വിശ്വാസികള്‍ക്ക് നിരോധനത്തില്‍ ഇളവുണ്ട്. മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് ഈ ചിഹ്നം ഉപയോഗിക്കാന്‍ നിയമനിര്‍മ്മാണം അനുവദിക്കും.

നിയമം ലംഘിക്കുന്നവര്‍ക്ക് 12 മാസം തടവോ 11,000 ഓസ്ട്രേലിയന്‍ ഡോളര്‍ (7,670 യുഎസ് ഡോളര്‍) പിഴയോ ശിക്ഷ ലഭിക്കും. അതേസമയം കോര്‍പ്പറേഷനുകള്‍ക്ക് ഓസ്ട്രേലിയന്‍ ഡോളര്‍ 55,000 പിഴ ചുമത്തും.

വിക്‌ടോറിയയില്‍ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് 22,000 ഓസ്ട്രേലിയന്‍ ഡോളര്‍വരെ പിഴ ഒടുക്കേണ്ടി വരും.

നിയമനിര്‍മാണത്തെ ജൂതരും ഹൈന്ദവ വിശ്വാസികളും സ്വാഗതം ചെയ്തു.

കൂടുതല്‍ വായനയ്ക്ക്‌:

നാസി-ഇസ്ലാമിക് സ്റ്റേറ്റ് ചിഹ്നങ്ങള്‍ ഇനി പ്രദര്‍ശിപ്പിച്ചാല്‍ അകത്താകും; നിയമ നിര്‍മാണവുമായി ഓസ്ട്രേലിയൻ സംസ്ഥാനം



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26