യുഎഇ-ഇന്ത്യ യാത്ര, ടിക്കറ്റ് നിരക്കില്‍ 60 ശതമാനം കുറവ്

യുഎഇ-ഇന്ത്യ യാത്ര, ടിക്കറ്റ് നിരക്കില്‍ 60 ശതമാനം കുറവ്

യുഎഇ: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ 60 ശതമാനം കുറവ്. സ്കൂള്‍ അവധിക്കാലവും- ഉത്സവ അവധിയും അവസാനിച്ചതോടെ ഇന്ത്യയിലേക്കുളള യാത്ര ആവശ്യം കുറഞ്ഞതാണ് ടിക്കറ്റ് നിരക്കിലും കുറവുണ്ടായിരിക്കുന്നത് എന്നതാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്ക് ഉയ‍ർന്നുതന്നെയാണ്. 

അവധികഴിഞ്ഞ് കുടുംബങ്ങള്‍ യുഎഇയിലേക്ക് തിരിച്ചെത്തുന്ന സമയമാണ് ആഗസ്റ്റ് അവസാനവാരങ്ങളും സെപ്റ്റംബർ ആദ്യവും. ഈ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ദുബായ്, അബുദബി ഉള്‍പ്പടെയുളള ഇടങ്ങളിലേക്ക് 1200 ദിർഹത്തിനും 1300 ദിർഹത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും 330 ദിർഹമെന്ന എന്ന ഏകീകൃത നിരക്ക് പ്രഖ്യാപിച്ച എയർ ഇന്ത്യയിലും തിരിച്ചുളള ടിക്കറ്റ് നിരക്കില്‍ സ്ഥിതി വ്യത്യസ്തമല്ല.

ജൂണ്‍ അവസാനവാരത്തിലും ജൂലൈ ആദ്യവാരങ്ങളിലും യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 1200- 1700 ദിർഹമായിരുന്നു അന്ന് ടിക്കറ്റ് നിരക്ക്. അതേ സമയത്താണ് നിലവില്‍ 400-700 ദിർഹത്തിന് വിമാനകമ്പനികള്‍ യാത്ര സാധ്യമാക്കുന്നത്.
ദുബായില്‍ നിന്ന് മുബൈയിലേക്ക് ശരാശരി 271 ദിർഹത്തിനും ദുബായില്‍ നിന്ന് ന്യൂദില്ലിയിലേക്ക് 282 ദിർഹത്തിനും പറക്കാം. 

അതേസമയം ദുബായില്‍ നിന്ന് കോഴിക്കോട്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുളള ടിക്കറ്റ് നിരക്ക് 300 ദിർഹത്തിനും 500 ദിർഹത്തിനുമിടയിലാണ്. സീസണ്‍ കാലയളവില്‍ ആവശ്യക്കാർ കൂടുതലുളളതാണ് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നതെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവർത്തിക്കുന്നവർ പറയുന്നത്. ടിക്കറ്റ് നിരക്ക് പരിധി വിട്ട് ഉയർത്തരുതെന്ന് വിമാനകമ്പനികളോട് ആവശ്യപ്പെടണമെന്ന പ്രവാസികളുടെ ആവശ്യം ഓരോ സീസണ്‍ കാലയളവിലും വൃഥാവിലാകുന്ന പതിവ് രീതിയാണ് ഇത്തവണയും ആവർത്തിച്ചതെന്ന് ചുരുക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.