കേരള ലോട്ടറിക്ക് പകരം എഴുത്ത് ലോട്ടറി; ഒന്നാം സമ്മാനം 25000 രൂപ, ഒരാള്‍ പിടിയില്‍

കേരള ലോട്ടറിക്ക് പകരം എഴുത്ത് ലോട്ടറി; ഒന്നാം സമ്മാനം 25000 രൂപ, ഒരാള്‍ പിടിയില്‍

മലപ്പുറം: കേരളാ ലോട്ടറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന എഴുത്ത് ലോട്ടറിയുമായി ഒരാള്‍ അറസ്റ്റില്‍. കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരാളെ പിടികൂടിയത്. കൊടിഞ്ഞി നന്നമ്പ്ര സ്വദേശി ചാനത്ത് വിഷ്ണു(22)വിനെയാണ് അറസ്റ്റ് ചെയ്തത്. കടയുടമ ചെമ്മാട് പാന്തോളൊടി അരുണി(24)ന്റെ പേരില്‍ പൊലീസ് കേസെടുത്തു.

സമ്മാനാര്‍ഹമായ കേരളാ ലോട്ടറികളുടെ അവസാനത്തെ മൂന്ന് അക്ക നമ്പറുകള്‍ അടിസ്ഥാനമാക്കിയാണ് വ്യാജ ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. നാല് സമ്മാനങ്ങളാണ് നല്‍കുന്നത്. 25,000 രൂപയാണ് ഒന്നാം സമ്മാനം. 2500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗ്യാരണ്ടി പ്രൈസായി 100 രൂപയുമാണ് നല്‍കുന്നത്.

അതേസമയം മലപ്പുറത്ത് വ്യാജ നോട്ടുകളും വ്യാജ ലോട്ടറികളും വിതരണം ചെയ്യുന്ന സംഘം സജീവമാകുകയാണ്. മലപ്പുറത്ത് വച്ച് തട്ടിപ്പ് സംഘം 600 രൂപയുടെ ലോട്ടറി ടിക്കറ്റിന് 2000 രൂപയുടെ വ്യാജനോട്ട് നല്‍കി 1400 രൂപ ബാക്കി വാങ്ങി മുങ്ങിയതോടെയാണ് വന്‍ തട്ടിപ്പ് സംഘത്തിലെ കള്ളികള്‍ പിടിയിലാകുന്നത്.

സംഭവത്തില്‍ കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി അഷറഫ് (48), കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രജീഷ് (37) എന്നിവരെ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എം വിമോദും സംഘവും അറസ്റ്റ് ചെയ്തു.

പെരുമ്പടപ്പ് കാട്ടുമാടം സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരനുമായ കൃഷ്ണന്‍ കുട്ടിക്കാണ് ഇവര്‍ 2000 രൂപയുടെ വ്യാജ നോട്ട് നല്‍കി കബളിപ്പിച്ചത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കൃഷ്ണന്‍കുട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെരുമ്പടപ്പ് പൊലീസ് കേസ് രജിസറ്റര്‍ ചെയ്യുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ അറസ്റ്റിലാവുകയും ആയിരുന്നു. നോട്ടുകള്‍ക്ക് പുറമെ വ്യാജ ലോട്ടറിയും അറസ്റ്റിലായ സംഘം നിര്‍മിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

രണ്ടാം പ്രതി പ്രജീഷിന്റെ കുന്ദംകുളത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ 2000 രൂപയുടെ മറ്റൊരു വ്യാജ നോട്ടും വ്യാജ ലോട്ടറി നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു. കാസര്‍ഗോഡുകാരനായ അഷ്റഫാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വ്യാജ നോട്ടും ലോട്ടറി ടിക്കറ്റും നിര്‍മ്മിക്കുന്നത്. ഇരുവരും 2021ല്‍ കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലും അമ്പലത്തറ പൊലീസ് സ്റ്റേഷനും സമാനമായ കള്ളനോട്ട് കേസുകളില്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചവരാണ്.

കഴിഞ്ഞ ജൂലൈയില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ കാസര്‍കോട് നിന്ന് വ്യാജ കറന്‍സിയുടെയും വ്യാജ ലോട്ടറിയുടെയും നിര്‍മ്മാണ കേന്ദ്രം കുന്ദംകുളത്തെ ആഞ്ഞൂരിലേക്ക് മാറ്റുകയായിരുന്നു. 2000 രൂപയുടെ നോട്ടുകളാണ് ഇരുവരും കൂടുതല്‍ അച്ചടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വ്യാജ രജിസ്ട്രേഷന്‍ നമ്പറിലുള്ളതായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത സാമഗ്രികളും പൊന്നാനി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.