ഒരു കുടുംബത്തിനു കൂടി കൂടൊരുക്കി ഡോ. എം.എസ് സുനില്‍; 250-ാമത്തെ സ്‌നേഹ ഭവനവും കൈമാറി

ഒരു കുടുംബത്തിനു കൂടി കൂടൊരുക്കി ഡോ. എം.എസ് സുനില്‍; 250-ാമത്തെ സ്‌നേഹ ഭവനവും കൈമാറി

പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ് സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിത് നല്‍കുന്ന 250-ാമത്തെ സ്‌നേഹ ഭവനം വിദേശ മലയാളിയായ ചങ്ങനാശേരി പായിപ്പാട് നാലുകോടി വെട്ടികാട് കൊല്ലാപുരം ജോബിന്റെയും സൂസിയുടെയും സഹായത്താല്‍ കവിയൂര്‍ പുളിയിക്കമല സരസമ്മയ്ക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കി
വീടിന്റെ താക്കോല്‍ ദാനവും ഉദ്ഘാടനവും മുന്‍ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപി നിര്‍വഹിച്ചു. വര്‍ഷങ്ങളായി വീടില്ലാതെ തകര്‍ന്നു വീഴാറായ കുടിലിലായിരുന്നു പക്ഷാഘാതം വന്ന് ഒരുവശം തളര്‍ന്ന നിലയില്‍ സരസമ്മയും ഭര്‍ത്താവും മകനും അടങ്ങുന്ന കുടുംബവും താമസിച്ചിരുന്നത്.

ആക്രി സാധനങ്ങള്‍ പെറുക്കിയായിരുന്നു കുടുംബം ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. അവര്‍ക്ക് സ്വന്തമായൊരു വീട് സ്വപ്നം മാത്രമായിരുന്നു. മൂന്ന് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീടാണ് ടീച്ചര്‍ ഇവര്‍ക്കായി പണിത് നല്‍കിയത്.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സിന്ധു, പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.പി ജയലാല്‍, ജോബിന്റെ സഹോദരന്‍ ജോഷി കൊല്ലാപുരം, സൂസിയുടെ സഹോദരന്‍ തോമസ് ചാക്കോ, ആര്യ സി.എന്‍ എന്നിവര്‍ പങ്കെടുത്തു.

അഞ്ച് ട്രസ്റ്റ് അംഗങ്ങളും ആറ് സന്നദ്ധ പ്രവര്‍ത്തകരുമൊത്ത് 2016 ഡിസംബറില്‍ പത്തനംതിട്ടയില്‍ സ്ഥാപിതമായതാണ് ഡോ. എം.എസ്. സുനില്‍ ഫൗണ്ടേഷന്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദരിദ്ര കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്നു. ഇവരുടെ ജീവകാരുണ്യ, സന്നദ്ധ സേവനങ്ങള്‍, ഗോത്രവര്‍ഗക്കാരും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും യാതൊരു വേര്‍തിരിവും കൂടാതെ സുരക്ഷിതമായ വീടുകളും ആരോഗ്യകരമായ ഭക്ഷണവും പ്രദാനം ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്.

സ്ത്രീകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ നാരി ശക്തി പുരസ്‌കാരം ഉള്‍പ്പടെ നിരവധി ബഹുമതികള്‍ക്ക് ഇവര്‍ അര്‍ഹയായിട്ടുണ്ട്.
സുനില്‍ ചെറുപ്രായത്തില്‍ തന്നെ തന്റെ സാമൂഹ്യ സേവനം ആരംഭിച്ചെങ്കിലും 2005ല്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിലെ ഒരു പ്രോഗ്രാം ഓഫീസര്‍ ആയതിനു ശേഷമാണ് അവര്‍ സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നത്. വിദ്യാഭ്യാസം, പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം, ശാക്തീകരണം മുതലായ മേഖലകളിലാണ് സുനിലിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പ്രോജക്റ്റുകള്‍ വഴി സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.