ന്യൂഡല്‍ഹി: പേരറിവാളനെ വിട്ടയച്ചതു പോലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍. നിലവില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന നളിനി ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മോചനം ലഭിക്കുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്‍, നളിനി, പി. രവി ചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. മറ്റ് നാല് പേര്‍ ശ്രീലങ്കക്കാരാണ്. മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സമ്പൂര്‍ണ നീതി ഉറപ്പാക്കുന്നതിനായി സുപ്രീം കോടതിയ്ക്ക് ഭരണഘടന നല്‍കുന്ന അധികാരം ഉപയോഗിച്ചായിരുന്നു ഉത്തരവ്.
മുപ്പത് വര്‍ഷത്തില്‍ അധികം ജയിലില്‍ കഴിഞ്ഞ ശേഷമായിരുന്നു പേരറിവാളന് ജയില്‍ മോചനം ലഭിച്ചത്. ഇതിന് പിന്നാലെ കേസിലെ മറ്റ് പ്രതികളായ നളിനിയും രവി ചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു.
ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേക അധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കോടതിയുടെ വിശദീകരണം. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മോചനം ആവശ്യപ്പെട്ട് നളിനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.