കാന്‍സറിന് കൂടുതല്‍ സാധ്യത പുരുഷന്മാരിലോ? പുതിയ പഠനം പറയുന്നു

 കാന്‍സറിന് കൂടുതല്‍ സാധ്യത പുരുഷന്മാരിലോ? പുതിയ പഠനം പറയുന്നു

കാന്‍സര്‍ എന്താണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. കോശങ്ങള്‍ അസാധാരണമായ നിലയില്‍ പെരുകുകയും അത് കോശകലകളെയും അതുവഴി വിവിധ അവയവങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ് കാന്‍സര്‍. ഇത് ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗ ലക്ഷണങ്ങളും രോഗ തീവ്രതയും മാറുന്നു.

രോഗം കൃത്യ സമയത്ത് കണ്ടെത്തിയാല്‍ ചികിത്സയിലൂടെ പൂര്‍ണമായി ഭേദപ്പെടുത്താന്‍ സാധിക്കുന്ന സാഹചര്യവും ഇന്നുണ്ട്. എന്നാല്‍ ഒരുപാട് കേസുകളില്‍ രോഗ നിര്‍ണയം വൈകുന്നത് മൂലമാണ് തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ വരുന്നത്.

എന്തുകൊണ്ടാണ് കാന്‍സര്‍ വരുന്നത് എന്ന് ചോദിച്ചാല്‍ ഇതിന് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ സാധ്യമല്ല. പല ഘടകങ്ങളും ഇതി ലുണ്ട്. ജനിതക ഘടകങ്ങള്‍ അഥവാ പാരമ്പര്യ ഘടകങ്ങള്‍, ഭക്ഷണം അടക്കമുള്ള ജീവിത രീതി, ജോലിയുടെ സ്വഭാവം, പാരിസ്ഥിതികമായ ഘടകങ്ങള്‍, ലഹരി ഉപയോഗം എന്നിങ്ങനെ കാന്‍സറിലേക്ക് നയിക്കുന്നത് പല ഘടകങ്ങളാകാണ്.

എന്നാല്‍ കാന്‍സര്‍ രോഗം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമായാണോ വരുന്നത്? അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഭാഗക്കാര്‍ക്കിടയില്‍ കാന്‍സര്‍ കൂടുതലായി കാണുമോ? ഇത്തരം കാര്യങ്ങളിലെല്ലാം പൊതുവില്‍ പലര്‍ക്കും സംശയമുണ്ട്.

കാന്‍സര്‍ സ്ത്രീകളില്‍ ആയാലും പുരുഷന്മാരില്‍ ആയാലും ഓരോ ഘട്ടത്തിലും അതിന്റെ തീവ്രത അനുസരിച്ചാണ് ബാധിക്കപ്പെടുന്നത്. എന്നാല്‍ ഇവരില്‍ ഏതെങ്കിലും വിഭാഗക്കാര്‍ക്കിടയില്‍ കാന്‍സര്‍ കൂടുതലായി കാണാറുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ട് എന്നാണ് ഉത്തരം. ഇത് സൂചിപ്പിക്കുന്ന പുതിയൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ്.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയാണ് ഈ പഠനം സംഘടിപ്പിച്ചത്. 1995 മുതല്‍ 2011 വരെയുള്ള കാലയളവിനുള്ളില്‍ 2,94,100 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനം തുടങ്ങിയ ശേഷം ഇവരില്‍ 17,951 കാന്‍സര്‍ കേസുകള്‍ പുരുഷന്മാരിലും 8,742 ക്യാന്‍സര്‍ കേസുകള്‍ സ്ത്രീകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ആകെ കാന്‍സറുകളില്‍ ഭൂരിപക്ഷവും പുരുഷന്മാരിലാണെന്നാണ് പഠനം പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും പുരുഷന്മാരില്‍ കാന്‍സര്‍ സാധ്യത വര്‍ധിക്കുന്നുവെന്നും ഇതില്‍ ചില കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നും പഠനം പറയുന്നു.

സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ തന്നെ ഒരു പരിധി വരെ ഇതിന് കാരണമാകുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിന് പുറമെ ജീവിതശൈലികളും കാരണമായി വരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുകവലി, മദ്യപാനം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം പുരുഷന്‍മാരിലാണ് കൂടുതല്‍.

സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരില്‍ 1.3 മുതല്‍ 10.8 മടങ്ങ് വരെ അധിക സാധ്യതയാണ് കാന്‍സറിനുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. അന്നനാളത്തിലെ കാന്‍സര്‍, ശ്വാസനാളത്തിലെ കാന്‍സര്‍, ആമാശയവും കുടലും കൂടിച്ചേരുന്നിടത്ത് ബാധിക്കപ്പെടുന്ന കാന്‍സര്‍, മൂത്രാശയ കാന്‍സര്‍ എന്നിവയെല്ലാമാണ് സ്ത്രീകളെക്കാള്‍ പുരുഷന്മാരില്‍ കൂടുതല്‍ സാധ്യതകളുള്ള കാന്‍സറുകളെന്നും പിത്താശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍ എന്നിവയില്‍ മാത്രം സ്ത്രീകള്‍ക്ക് സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.