അതിരുകടക്കുന്ന അച്ചടക്ക ലംഘനം

അതിരുകടക്കുന്ന അച്ചടക്ക ലംഘനം

നമ്മുടെ ആരാധനാക്രമവും കൂദാശകളുമെല്ലാം ക്രിസ്തുവിലൂടെ അവിടുത്തെ ശ്ലൈഹീക പിന്‍ഗാമികള്‍ നല്‍കിയതാണ്. അതാണ് സഭയുടെ മഹത്തായ പാരമ്പര്യം. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്‍ക്കുന്ന സഭ നമുക്കു നല്‍കുന്ന ആത്മീയ അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഈ അനുഗ്രഹങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ വേണം എന്ന് ശഠിക്കുന്നത് ബാലിശമാണ്.

കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങളോട് വിയോജിക്കുകയും സഭയ്‌ക്കെതിരെ വിമത പ്രവര്‍ത്തനം നടത്തുകയും ചെയ്തവരില്‍ പ്രമുഖനായിരുന്നു ജര്‍മന്‍കാരനായ മാര്‍ട്ടിന്‍ ലൂതര്‍. 1505 ല്‍ കത്തോലിക്കാ സഭയിലെ അഗസ്റ്റീനിയന്‍ സന്യാസ സഭയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് അതിന്റെ സുപ്പീരിയര്‍ പദവി വരെ എത്തിയ പ്രശസ്തനും പണ്ഡിതനുമായ ഒരു സന്യാസ വൈദികനായിരുന്നു.

ഏതാണ്ട് 1516 മുതല്‍ സഭാ വിരുദ്ധ പഠനങ്ങള്‍ പ്രചരിപ്പിക്കുകയും അദ്ദേഹത്തിന്റെ മെത്രാനെ ചില കാര്യങ്ങളില്‍ അനുസരിക്കാതിരിക്കുകയും ചെയ്തു. ഫാ.മാര്‍ട്ടിന്‍ ലൂതറിനെതിരെ പല പരാതികളും വത്തിക്കാനിലേക്ക് പോയെങ്കിലും കാര്യങ്ങള്‍ അവധാനതയോടെ പഠിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാർട്ടിൻ ലൂതറിനെതിരെ സഭ നടപടിയെടുത്തത്. 1521 ജനുവരി മാസം ലിയോ പത്താമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കത്തോലിക്കാ സഭയില്‍ നിന്ന് പുറത്താക്കി.

അച്ചടക്കത്തിന്റെ കാര്യത്തില്‍ കത്തോലിക്കാ സഭയെ വെല്ലാന്‍ മറ്റൊരു സംവിധാനവും ഇന്ന് ലോകത്തുണ്ടോ എന്ന കാര്യം സംശയമാണ്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍പ്പാപ്പ വത്തിക്കാനില്‍ നിന്നറിയിക്കുന്ന കല്‍പനകളും അറിയിപ്പുകളും തിരുസംഘങ്ങള്‍, കര്‍ദ്ദിനാള്‍മാര്‍, വിവിധ രൂപതാ മെത്രാന്മാര്‍, ഇടവക വികാരിമാര്‍ എന്നിവരിലൂടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ വിശ്വാസികളിലെത്തും. വിശ്വാസപരമായ കാര്യങ്ങളിൽ മാര്‍പ്പാപ്പയുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നതു കൊണ്ട് അദ്ദേഹത്തിന്റെ കല്‍പനയിലെ തെറ്റും ശരിയും ചികയാതെ അനുസരിക്കുകയാണ് പതിവ്. എന്നാല്‍ കല്‍പനകളില്‍ അതൃപ്തി ഉള്ളവര്‍ക്ക് അതറിയിക്കാനുള്ള സംവിധാനങ്ങളും സഭയ്ക്കുള്ളില്‍ തന്നെയുണ്ട്.

നൂറ്റാണ്ടുകളായി കത്തോലിക്കാ സഭ തുടര്‍ന്നു വരുന്ന പാരമ്പര്യം ഇതാണന്നിരിക്കെ കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി മാര്‍പ്പാപ്പ നിയമിച്ച സീറോ മലബാര്‍ സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് കയര്‍ത്ത് സംസാരിക്കുന്ന ഏതാനും വ്യക്തികളുടെ വീഡിയോ അമ്പരപ്പോടെയാണ് സോഷ്യല്‍ മീഡിയകളിലും മുഖ്യധാരാ മാധ്യമങ്ങളിലും വിശ്വാസികള്‍ കണ്ടത്.

അയാള്‍, നിങ്ങള്‍, ഗുണ്ട തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് കത്തോലിക്കാ സഭഅഭിവന്ദ്യനായ കരുതുന്ന ഒരു മെത്രാപ്പോലീത്തയോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍, അതിരൂപതയിലെ ഏതാനും വിമതരുടെ അനുസരണക്കേടും അച്ചടക്ക ലംഘനവും സഭ്യതയുടെയും സഭാ നിയമങ്ങളുടെയും എല്ലാ സീമകളും അതിലംഘിച്ചു എന്ന് പറയാതെ തരമില്ല. അടുത്ത കാലത്ത് എറണാകുളം അങ്കമാലി അതിരൂപതയിൽ അരങ്ങേറിയ പല സംഭവ വികാസങ്ങളും പ്രാദേശികവാദത്തിന്റെയും, അനുസരണക്കേടിന്റെയും, അച്ചടക്കലംഘനത്തിന്റെയും തുടർച്ചകൾ മാത്രമായിരുന്നു എന്നത് ഏവരെയും അമ്പരപ്പിക്കുന്നു. ആദ്യം വൈദികർ തെരുവിലിറങ്ങി അച്ചടക്കം ലംഘിക്കുന്നു, പിന്നീട് സഭാ തലവന്റെ കോലം കത്തിക്കുന്നു, സഭയ്‌ക്കെതിരെ ഉപവാസസമരം നടത്തുന്നു, മഹാ സംഗമം നടത്തുന്നു, അവസാനം അതിരൂപതയുടെ ഭരണാധികാരിക്കെതിരെ കൈചൂണ്ടി ആഘോഷിക്കുക.

വൈദികരോടും മെത്രാന്‍മോരോടുമൊക്കെ സ്‌നേഹാദരവോടെ മാത്രം പെരുമാറാന്‍ പരിശീലിപ്പിക്കുന്ന മതാധ്യാപകരുള്‍പ്പെടുന്ന വിമതക്കൂട്ടങ്ങള്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ആത്മീയമായും നിയമപരമായും തെറ്റാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി ആയിരുന്ന മാര്‍ ആന്റണി കരിയിലിനെ മാറ്റി പുതിയ അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ നിശ്ചയിച്ചത് മാര്‍പ്പാപ്പയാണ്. മാര്‍പ്പാപ്പയുടെ കല്‍പനയെ ലംഘിക്കുന്നത് പാപമായി തന്നെയാണ് കത്തോലിക്കാ സഭ കരുതുന്നത്.

പുതിയ തീരുമാനത്തിനെതിരെ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജെറേലി, പൗരസ്ത്യ തിരുസംഘം, അതല്ലെങ്കില്‍ വത്തിക്കാനിലെ ഉന്നതാധികാര കോടതി ഇവിടെയൊക്കെ അപ്പീല്‍ കൊടുക്കാന്‍ സാധ്യതകളുണ്ടെന്നിരിക്കെ മാര്‍പ്പാപ്പ നിശ്ചയിച്ച അദ്ദേഹത്തിന്റെ പ്രതിനിധിയെ ഭീഷണിപ്പെടുത്തി സംസാരിച്ചവര്‍ക്കെതിരെ നിയമപരമോ കാനോനികമോ ആയ നടപടി എടുക്കാന്‍ സഭാധികാരികള്‍ക്ക് സാധിക്കും.

ഇത്തരം കാര്യങ്ങളില്‍ കത്തോലിക്കാ സഭ ഒരിക്കലും എടുത്തു ചാടി നടപടിഎടുക്കാറില്ല എങ്കിലും മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നാല്‍ നടപടികള്‍ എടുക്കാന്‍ മടിക്കില്ല എന്നുമാണ് പലരുടെയും മുന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സഭാ വിദഗ്ദ്ധര്‍ അഭിപ്രായപെടുന്നത്.

സഭയുടെ നേതൃത്വത്തിനെതിരെ നിരന്തരം കൊലവിളികള്‍ നടത്തുകയും പതിവായി സഭയുടെ നിയമങ്ങളും താല്‍പര്യങ്ങളും തമസ്കരിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറുന്നതാണ് ഉചിതം. മറിച്ചായാല്‍ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ഹൃത്തിലെ ഒരു നൊമ്പരമായി അതവശേഷിക്കും. ഇവിടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ അല്ല നമ്മെ നയിക്കേണ്ടത്. ആഗോള കത്തോലിക്കാ സഭയുടെ കെട്ടുറപ്പും വളര്‍ച്ചയും ഓരോ വിശ്വാസിയിലൂടെയുമാണ് ശക്തിപ്പെടുക.

ഒരു വിശ്വാസി എന്ന നിലയില്‍,താനല്ല എന്റെ സഭയുടെ പരമോന്നത തലവനായ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത്. സീറോ മലബാര്‍ സഭയുടെ തലവനോ,തന്റെ രൂപതയുടെ മെത്രാനോ, എന്തിന് സ്വന്തം ഇടവകയുടെ വികാരിയോ ആരായിരിക്കണം എന്ന് നിശ്ചയിക്കുന്നത് വിശ്വാസികളല്ലല്ലോ? അത് പോലെ തന്നെ നമ്മുടെ ആരാധനാക്രമവും കൂദാശകളുമെല്ലാം ക്രിസ്തുവിലൂടെ അവിടുത്തെ ശ്ലൈഹീക പിന്‍ഗാമികള്‍ നല്‍കിയതാണ് എന്ന കാര്യത്തില്‍ സംശയമില്ല.

സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്‍ക്കുന്ന സഭ നമുക്കു നല്‍കുന്ന ആത്മീയ അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഈ അനുഗ്രഹങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ വേണം എന്ന് ശഠിക്കുന്നത്   ധിക്കാരവും ബാലിശവുമത്രെ.

ക്രൈസ്തവ വിശ്വാസം നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഗൂഢസംഘങ്ങളുടെ പിന്തുണയോടെ, സഭയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും നശിപ്പിക്കാൻ വേണ്ടി മാത്രം ചെയ്യുന്ന ഇത്തരം പേക്കൂത്തുകൾ കണ്ട് കത്തോലിക്കാ സഭയെ മാതൃകയായി കണ്ടിരുന്നവർ മുക്കത്ത് വിരൽവയ്ക്കുന്നു. മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും ,മുൻപിൽ സഭയെയും സഭയുടെ മേലധികാരികളെയും കടന്നാക്രമിക്കാനും അതിലൂടെ പുതു തലമുറയെ വിശ്വാസത്തിന്റെ വെള്ളി വെളിച്ചത്തിൽ നിന്ന് അന്ധകാരത്തിലേക്ക് നയിക്കാനുമുള്ള ഇത്തരം ഹീനമായ ശ്രമങ്ങളിൽ നിന്ന് തൽപരകക്ഷികൾ എത്രയും പെട്ടന്ന്പിന്മാറണം.
സഭാകാര്യങ്ങളെക്കുറിച്ചും ആരാധനക്രമ വിഷയങ്ങളെക്കുറിച്ചുമുള്ള ചുരുക്കം ചില വൈദികരുടെയും അവരെ ചുറ്റിപറ്റി നിൽക്കുന്ന ഏതാനും അല്മായരുടെയും അജ്ഞതയും സഭാ വിരോധവും പ്രാദേശിക വാദവും മാത്രമാണ് ഈ പ്രശ്നങ്ങൾക്ക് പിന്നിലെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു.

"ഓരോരുത്തനും മേലധികാരികള്‍ക്ക് വിധേയന്‍ ആയിരിക്കട്ടെ. എന്തെന്നാല്‍ ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിതം അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവീക സംവിധാനത്തെ ആണ് ധിക്കരിക്കുന്നത്. അത് തങ്ങള്‍ക്കു തന്നെ ശിക്ഷാവിധി വരുത്തി വയ്ക്കും. സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്മ ചെയ്യുക. നിനക്ക് അവനില്‍ നിന്ന് ബഹുമതി ഉണ്ടാകും. എന്തെന്നാല്‍ അവന്‍ നിന്റെ നന്മക്കു വേണ്ടിയാണ് പറയുന്നത്." (റോമാ 13 / 1 - 3)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.