ബ്രാന്‍ഡന്‍ബര്‍ഗ് (ജര്‍മനി): പോളണ്ടിലൂടെയും ജര്‍മ്മനിയിലൂടെയും ഒഴുകുന്ന ഓഡര്‍ നദിയില്‍ അപകടകരമായ അളവില്‍ രാസമാലിന്യം കലര്‍ന്നതോടെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. തിങ്കളാഴ്ച മുതല്‍ നദീജലത്തിന്റെ നിറത്തിലും സാന്ദ്രതയിലും വ്യത്യാസം കണ്ടിരുന്നു. തുടര്‍ന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ജല സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സിന്തറ്റിക് കെമിക്കല്‍ പദാര്‍ത്ഥങ്ങളുടെ അളവ് വലിയ തോതില്‍ ഉയര്‍ന്നിരിക്കുന്നതായും കണ്ടെത്തിയെന്ന് ജര്‍മ്മന്‍ സംസ്ഥാനമായ ബ്രാന്‍ഡന്‍ബര്‍ഗിന്റെ പരിസ്ഥിതി മന്ത്രാലയം പറഞ്ഞു.
എത്ര മത്സ്യങ്ങള്‍ ചത്തുവെന്ന് ഇതുവരെ വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല. നദീജലത്തില്‍ രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നദിയിലെ ജലം കുടിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കരുതെന്ന് ബ്രാന്‍ഡന്‍ബര്‍ഗ് പരിസ്ഥിതി മന്ത്രി ആക്‌സല്‍ വോഗല്‍ പറഞ്ഞു.
വെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നദിക്കരകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ ശാലകളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യത്തില്‍ നിന്നാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മലിനജല സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ അതത് വ്യവസായ ശാലകള്‍ക്ക് ഉണ്ടായിരിക്കെ മാലിന്യം പുറത്തേക്ക് തള്ളേണ്ടതായ സാഹചര്യം ഇല്ലെന്നും മന്ത്രാലയം വിലയിരുത്തുന്നു.
ജല പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളും പ്രധാന വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോളണ്ടിന്റെ നാഷണല്‍ വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി മേധാവി പ്രെസെമിസ്ലാവ് ഡാക പറഞ്ഞു. ജൂലൈയിലും നദിയുടെ പല ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നദിയിലെ മലിനീകരണ തോത് വളരെ കൂടുതലാണെന്നും ശുദ്ധീകരിച്ച് സാധാരണ നിലയിലെത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും പോളിഷ് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി പറഞ്ഞു. വന്‍തോതില്‍ രാസമാലിന്യങ്ങള്‍ നദിയിലേക്ക് തള്ളിയിരിക്കാനാണ് സാധ്യത. അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 150 ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സ് സൈനികരെ നിയോഗിച്ചിട്ടുണ്ട്. ചത്തുപൊങ്ങിയ മത്സ്യങ്ങളെ നീക്കുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന മത്സ്യം സംസ്‌കരിച്ച് വളമാക്കുന്നത് സംബന്ധിച്ച് പോളണ്ട് സര്‍ക്കാര്‍ ആലോചിച്ച് വരികെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.