ബ്രിട്ടണ്‍: സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തിന് പിന്നാലെ ഹാരി പോട്ടര്‍ രചയിതാവ് ജെ കെ റൗളിങ്ങിനും വധഭീഷണി. സല്‍മാന്‍ റുഷ്ദിക്കെതിരായ വധശ്രമത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതോടെയാണ് വധഭീഷണി ഉയര്‍ന്നത്. 57 കാരിയായ റൗളിങ് തന്നെയാണ് ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കിട്ടത്.
തനിക്ക് വളരെ ബുദ്ധിമുട്ട് തോന്നുന്നുവെന്നും സല്‍മാന്‍ റുഷ്ദി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റൗളിങ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി 'വിഷമിക്കേണ്ട. അടുത്തത് നിങ്ങളാണ്', എന്നായിരുന്നു ഭീഷണി. റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച അക്രമി ഹാദി മാതറിനെ പ്രശംസിക്കുന്ന ട്വീറ്റുകള്‍ റൗളിങ്ങിനെതിരെ ഭീഷണി മുഴക്കിയ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ നിരവധി എഴുത്തുകാര്‍ അപലപിച്ചിരുന്നു. തനിക്കും ഭയമുണ്ടെന്നായിരുന്നു ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്റെ പ്രതികരണം. ''സല്‍മാന്‍ റുഷ്ദി ന്യൂയോര്‍ക്കില്‍ ആക്രമിക്കപ്പെട്ടതായി ഞാന്‍ അറിഞ്ഞു. ശരിക്കും ഞെട്ടിപ്പോയി. അത് സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇസ്ലാമിനെ വിമര്‍ശിക്കുന്ന ആരും ആക്രമിക്കപ്പെടാം. ഞാന്‍ ഭയക്കുന്നു'', തസ്ലീമ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വെസ്റ്റേണ്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു സാഹിത്യ പരിപാടിക്കിടെയാണ് റുഷ്ദിയെ അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയ നിലയില്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ദ സാത്താനിക് വേഴ്‌സ്' എന്ന പുസ്തകമാണ് മതതീവ്രവാദികളുടെ ഭീഷണിക്കും എതിര്‍പ്പിനും ഇടയാക്കിയത്. മതനിന്ദ ആരോപിച്ച് 1988 മുതല്‍ പുസ്തകം ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്. അന്തരിച്ച നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനി 1989 ല്‍ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ വധിക്കാനും ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തെ കൊല്ലുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളറിലധികം പാരിതോഷികവും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഒളിവിലായിരുന്ന റുഷ്ദി വധഭീഷണിയെ പിന്തുണയ്ക്കില്ലെന്ന് ഇറാന്‍ പറഞ്ഞതിന് ശേഷമാണ് പൊതുവേദികളില്‍ സജീവമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.