കൊച്ചി: സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം നാളെ മുതല്‍. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന സിനഡ് നടക്കുന്നത് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ്.
ഹൊസൂര്‍ രുപതാ അധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ നല്‍കുന്ന ധ്യാനചിന്തകളോടെയാകും ആദ്യ ദിനം തുടങ്ങുക. ആദ്യ ദിനം പൂര്‍ണമായും പ്രാര്‍ത്ഥനകള്‍ക്കായി മാറ്റിവയ്ക്കും. പിന്നീട് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പിതാക്കന്മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
സെമിനാരി പരിശീലനം, പ്രേഷിത പ്രവര്‍ത്തനം, കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളാകും സിനഡില്‍ ഉണ്ടാകുകയെന്ന് സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വടക്കേക്കര പത്രക്കുറിപ്പില്‍ അറിയിച്ചു.
അജണ്ടയില്‍ നിശ്ചയിച്ച കാര്യങ്ങള്‍ക്ക് പുറമെ സീറോ മലബാര്‍ സിനഡ് അംഗീകരിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി നടപ്പിലാക്കിയ രൂപതകളുടെ അവലോകനം സിനഡില്‍ ഉണ്ടാകും. പുതിയതായി ചുമതലയേറ്റ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിനഡില്‍ അവതരിപ്പിക്കും എന്നറിയുന്നു.
മാര്‍ ആന്‍ഡ്രൂസ് താഴത്തിനെതിരെ കൊലവിളി നടത്തിയ ഏതാനും അല്‍മായര്‍ക്കും, നിരന്തരം സഭയുടെ അച്ചടക്കം ലംഘിക്കുന്ന ചില വൈദികര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് വിവിധ അല്‍മായ സംഘടനകള്‍ സിനഡ് പിതാക്കന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണസൗകര്യത്തിനായി ചില രൂപതകളുടെ വിഭജനം, കേരളത്തിന് വെളിയിലെ പുതിയ രൂപതകള്‍, പുതിയ മെത്രാന്മാരുടെയും സഹായ മെത്രാന്മാരുടെയും നിയമനം തുടങ്ങി സുപ്രധാനമായ പല തീരുമാനങ്ങളും മെത്രാന്‍ സിനഡിന് ശേഷം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.