ഹോങ്കോങ്: ചൈനീസ് ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായി നിലകൊണ്ട ഹോങ്കോങ് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോസഫ് സെന്നിന്റെ വിചാരണ അടുത്ത മാസം തുടങ്ങും. മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിതമായ ഫണ്ടിന്റെ കാര്യവാഹിയായി എന്ന കാരണത്താലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. തൊണ്ണൂറു വയസുള്ള കര്‍ദ്ദിനാളിന് പിന്നീട് ജാമ്യം ലഭിച്ചു.
കഴിഞ്ഞ മെയ് 11 ന് അദ്ദേഹത്തിനൊപ്പം അറസ്റ്റിലായ അഭിഭാഷകയായ മാര്‍ഗരറ്റ് എന്‍ജി, ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡെനിസ് ഹോ, അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹുയി പൊ ക്യൂങ്, മുന്‍ നിയമസഭാംഗമായ സിഡ് ഹോ എന്നിവരുടെ വിചാരണയും അടുത്ത മാസം തുടങ്ങും.
ജനാധിപത്യവാദികളായ പ്രതിഷേധക്കാരുടെ നിയമ നടപടികള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ '612 ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്' രജിസ്റ്റര്‍ ചെയ്തില്ല എന്ന ആരോപണം ഉന്നയിച്ചാണ് കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ അടക്കം അറസ്റ്റ് ചെയ്തത്. കേസ് ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴില്‍ വരാത്തതിനാല്‍ പിഴ ശിക്ഷ ഒടുക്കിയാല്‍ മാത്രം മതിയാവും എന്നാണ് കരുതപ്പെടുന്നത്.
രക്തസാക്ഷിത്വം നമ്മുടെ സഭയില്‍ സാധാരണമാണെന്ന് കര്‍ദ്ദിനാള്‍ സെന്‍ പറഞ്ഞു. വേദന സഹിച്ചു കൊണ്ട് നമ്മുടെ വിശ്വാസത്തോടുള്ള വിശ്വസ്തതക്കായി നമുക്ക് ഉരുക്കിനേ പോലെ ശക്തിയുള്ളവരായി സ്വയം മാറാം. താന്‍ ഇനിയും അറസ്റ്റ് വരിക്കുവാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം സര്‍ക്കാരുള്ള ചൈനയുടെ ഒരു പ്രത്യേക ഭരണ പ്രദേശമാണ് ഹോങ്കോങ്. ചൈനയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഹോങ്കോങിലുണ്ട്. എന്നാല്‍ സമീപ കാലത്തായി ദേശീയ സുരക്ഷയുടെ പേരു പറഞ്ഞ് ഹോങ്കോങിലെ മതപരമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ ചൈന കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്.
ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ കത്തോലിക്കര്‍ ഉള്‍പ്പെടെ ദശ ലക്ഷങ്ങളാണ് പങ്കെടുത്തത്. കര്‍ദ്ദിനാള്‍ സെന്നിന്റെ അറസ്റ്റില്‍ വത്തിക്കാന്‍ ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ ചൈനയെ പ്രതിഷേധം അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.