കാന്‍ബറ: ഓസ്‌ട്രേലിയയിലെ കാന്‍ബറ വിമാനത്താവളത്തെ നടുക്കിയ വെടിവയ്പ്പില്‍ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. ന്യൂ സൗത്ത് വെയില്‍സ് സ്വദേശിയായ അലി റാച്ചിദ് അമ്മൂന്‍ എന്ന 63 വയസുകാരനാണ് അക്രമി. അനധികൃതമായി തോക്കുപയോഗിച്ചതിന് ഇയാള്‍ക്കെതിരേ കുറ്റം ചുമത്തിയതായി ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി പോലീസ് അറിയിച്ചു.
ഇന്നു രാവിലെ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി മജിസ്ട്രേറ്റ് കോടതിയില്‍ വീഡിയോ ലിങ്ക് വഴി ഹാജരാക്കിയ പ്രതി ജാമ്യത്തിന് അപേക്ഷിച്ചില്ല.
സെപ്റ്റംബര്‍ അഞ്ചിന് കോടതി കേസ് പരിഗണിക്കുന്നതു വരെ അലി കസ്റ്റഡിയില്‍ തുടരും.
അനധികൃതമായി തോക്ക് കൈവശം വെച്ചതിനും അത് പ്രയോഗിച്ചതിനുമാണ് അലിക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 1.30-നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. പരിശോധനകളില്ലാതെ വിമാനത്താവളത്തിനകത്ത് കയറിയ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ ബലമായി കീഴ്‌പ്പെടുത്തി. ഇയാളുടെ പക്കല്‍ നിന്ന് തോക്കും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
ടെര്‍മിനലിനുള്ളില്‍ ഒന്നാം നിലയിലെ ചെക്ക്-ഇന്‍ ഏരിയയിലാണ് വെടിവയ്പ്പ് ഉണ്ടായത്. കെട്ടിടത്തിന്റെ ജനാലകളിലേക്ക് നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് ഭയന്നോടിയ യാത്രക്കാരെ പൊലീസ് ഒഴിപ്പിക്കുകയും മുന്‍കരുതലെന്ന നിലയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. വിമാന സര്‍വീസുകള്‍ മൂന്നു മണിക്കൂറോളം പിടിച്ചിട്ടു .
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെ വിമാനത്താവളം വൈകിട്ട് അഞ്ച് മണിയോടെ യാത്രക്കാര്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. പൊലീസിന്റെ വലിയ കാവലിലാണ് കാന്‍ബറ വിമാനത്താവളം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.