സംയുക്ത സൈനികാഭ്യാസത്തിന് ജര്‍മ്മന്‍ യുദ്ധ വിമാനങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക്

സംയുക്ത സൈനികാഭ്യാസത്തിന് ജര്‍മ്മന്‍ യുദ്ധ വിമാനങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക്

ബര്‍ലിന്‍: ഇന്തോ-പസഫിക്  മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് ഭീഷണിക്ക് മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയയില്‍ സംയുക്താഭ്യാസത്തിനായി ജര്‍മ്മനി 13 സൈനിക വിമാനങ്ങള്‍ അയച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാൻ സാന്ദര്‍ശനത്തെ തുടര്‍ന്ന് രൂപപ്പെട്ട പിരിമുറുക്കങ്ങള്‍ക്കിടയില്‍ ചൈനയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നതിന്റെ സൂചനയായാണ് ജര്‍മ്മനിയും സൈനികാഭ്യാസത്തിന് രംഗത്തിറങ്ങിയത്.

തെക്കന്‍ ജര്‍മ്മനിയിലെ ന്യൂബര്‍ഗ് ആന്‍ ഡെര്‍ ഡൊനാവിലെ വ്യോമസേനയുടെ വിമാനത്താവളത്തില്‍ നിന്ന് ആറ് യൂറോഫൈറ്റര്‍ ജെറ്റുകളും കൊളോണില്‍ നിന്ന് മൂന്ന് എ 330 ടാങ്കറുകള്‍ വഹിച്ചുള്ള വിമാനങ്ങളുമാണ് തിങ്കളാഴ്ച പുറപ്പെട്ടത്. ഓസ്‌ട്രേലിയന്‍ യുദ്ധ വിമാനങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കും.

രണ്ടാഴ്ച്ചത്തേക്കാണ് സൈനികാഭ്യാസം. ജപ്പാന്‍, ദക്ഷിണ കൊറിയ മേഖലകളില്‍ രണ്ട് സംഘമായി തിരിഞ്ഞാകും വിമാനങ്ങള്‍ വിന്യസിക്കുക. ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ ഉയരത്തില്‍ ആകാശത്ത് ഇന്ധനം നിറയ്ക്കല്‍ അഭ്യാസം നടത്തുമെന്ന് ജര്‍മ്മന്‍ വ്യോമസേനാ മേധാവി ഇംഗോ ഗെര്‍ഹാര്‍ട്ട്‌സ് ദൗത്യത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുദ്ധവിമാനങ്ങള്‍ ദക്ഷിണ ചൈനാ കടലിലൂടെയും തായ്‌വാൻ കടലിടുക്കിലൂടെയും കടന്നുപോകുമോ എന്ന ചോദ്യത്തിന്, തായ്‌വാൻ മേഖലയില്‍ കടക്കാന്‍ പദ്ധതിയില്ലെന്നും എന്നാല്‍ ദക്ഷിണ ചൈന കടലിനു മുകളിലെ അന്താരാഷ്ട്ര വ്യോമ പാതയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയുമായി പങ്കുചേരുന്നതുവഴി അത് ചൈനയ്ക്കുള്ള മുന്നറിയിപ്പാണെന്ന് വ്യാഖ്യാനിക്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയിലെ ഓസ്ട്രേലിയയുടെ അംബാസഡര്‍ ഫിലിപ്പ് ഗ്രീനും പ്രതികരണത്തിലും ഇതേകാര്യം തന്നെയാണ് സൂചിപ്പിച്ചത്. ചൈന ഈ മേഖലയെ അസ്ഥിരപ്പെടുത്തുന്നതായി കാണുന്നതിന് ഒരു കാരണവുമില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.