കാക്കനാട്: കര്‍ഷകരെ ഏറെ ആശങ്കപ്പെടുത്തുന്ന ബഫര്‍സോണ്‍ വിഷയവും, തീരദേശവാസികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന പ്രതിസന്ധികളും പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ സത്വരമായ നടപടി സ്വീകരിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സീറോമലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി. കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടാകുന്നു. ഇക്കാര്യത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കാകുലരാണെന്ന് അദേഹം വ്യക്തമാക്കി.
ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനവും സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായിക്കലിന്റെ ധന്യ പദവി പ്രഖ്യാപനവും ഭാരത സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങളാണെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. ജൂബിലിയുടെയും നവതിയുടെയും നിറവിലായിരിക്കുന്ന മെത്രാന്മാരെ കര്‍ദ്ദിനാള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
അമ്പത്തിയൊന്ന് സീറോമലബാര്‍ പിതാക്കന്മാര്‍ പങ്കെടുക്കുന്ന സിനഡ് സമ്മേളനം ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ നല്‍കിയ ധ്യാന ചിന്തകളോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.
സീറോ മലബാര്‍ സഭാ സിനഡ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ചാന്‍സിലര്‍ റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ എന്നിവര്‍ സമീപം.
മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ാം വാര്‍ഷികത്തിന്റെ ഭാഗമായി രൂപതകളിലും വിവിധ സ്ഥലങ്ങളിലുമായി നടത്തപ്പെട്ട ഘോഷങ്ങളെ മേജര്‍ ആര്‍ച്ച് ബിഷപ് അഭിനന്ദിച്ചു. വൈദിക പരിശീലനത്തിന്റെ പാഠ്യപദ്ധതികള്‍ പുനരാവിഷ്‌കരിക്കുന്നതിനെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന 'സിനഡാലിറ്റി'യെക്കുറിച്ചുള്ള മെത്രാന്മാരുടെ സാധാരണ സിനഡിനെക്കുറിച്ചും ഈ സമ്മേളനം ചര്‍ച്ച ചെയ്യും.
'ആത്മാവിനോട് തുറവിയുള്ളവരായിരിക്കാം; കപ്പലിനെ കാറ്റ് മുമ്പോട്ട് കുതിക്കാന്‍ സഹായിക്കുന്നതുപോലെ അവിടുന്ന് നമ്മെ മുമ്പോട്ട് നയിക്കും' എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചിന്ത സിനഡിനെ വഴിനടത്തുമെന്ന് കര്‍ദ്ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സിനഡിന്റെ വരും ദിവസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച്് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.