നിക്കരാഗ്വയില്‍ ഭരണകൂട വേട്ടയാടല്‍ തുടരുന്നു; കത്തോലിക്ക വൈദികന്‍ തടങ്കലില്‍

നിക്കരാഗ്വയില്‍ ഭരണകൂട വേട്ടയാടല്‍ തുടരുന്നു; കത്തോലിക്ക വൈദികന്‍ തടങ്കലില്‍

നിക്കരാഗ്വ: മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ ക്രൈസ്തവര്‍ക്കു നേരേയുള്ള ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടരുന്നു. കത്തോലിക്ക സഭയ്‌ക്കെതിരേയുള്ള സര്‍ക്കാര്‍ നടപടികളുടെ ഇരയായി വീണ്ടുമൊരു വൈദികന്‍ അറസ്റ്റിലായി.

സിയുന രൂപതയിലെ ഫാ. ഓസ്‌കാര്‍ ഡാനിലോ ബെനവിഡെസ് ടിനോക്കോയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ തലസ്ഥാന നഗരമായ മനാഗ്വയിലെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അറസ്റ്റിലേക്കു നയിച്ച കാരണം അജ്ഞാതമായി തുടരുകയാണ്.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് മതഗല്‍പ്പ കത്തോലിക്കാ ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസിനെയും വൈദികരെയും വിശ്വാസികളെയും ഒര്‍ട്ടേഗ ഭരണകൂടം വീട്ടുതടങ്കലിലാക്കിയതിനു പിന്നാലെയാണ് പുതിയ സംഭവം.

അടുത്ത കാലത്തായി പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ ഭരണകൂടം കടുത്ത നടപടികളാണ് സഭാ വിശ്വാസികള്‍ക്കെതിരേ സ്വീകരിക്കുന്നത്.

വടക്കന്‍ നിക്കരാഗ്വയിലെ ഒരു പ്രാദേശിക മേഖലയില്‍നിന്നാണു ഹോളി സ്പിരിറ്റ് ഇടവക വൈദികനായ ഫാ. ഓസ്‌കാര്‍ ഡാനിലോ ടിനോക്കോയെ പോലീസ് പിടികൂടിയത്. വൈകിട്ട് കുര്‍ബാന അര്‍പ്പിച്ചതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. തുടര്‍ന്ന് ഇദ്ദേഹത്തെ മനാഗ്വയിലെ തടങ്കല്‍ കേന്ദ്രത്തിലേക്കു മാറ്റി.

വൈദികനെ ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ നിക്കരാഗ്വന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സ്ഥിരീകരിച്ചു. വൈദികന്റെ മോചനത്തിനായി വിശ്വാസികള്‍ പ്രാര്‍ഥിക്കണമെന്ന് സിയുന രൂപത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

എല്ലാവര്‍ക്കും വചനവും ജീവനും രക്ഷയുമായ യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുക എന്നതാണ് വൈദികന്റെ ഒരേയൊരു ദൗത്യമെന്ന് രൂപത പറഞ്ഞു.

നിക്കരാഗ്വയില്‍ ഈ വര്‍ഷം ഇതുവരെ അറസ്റ്റിലായ മൂന്നാമത്തെ വൈദികനും പോലീസ് കസ്റ്റഡിയിലുള്ള ഒമ്പതാമത്തെ വൈദികനുമാണ് ഫാ. ഓസ്‌കാര്‍.

പ്രക്ഷോഭം നടത്താനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ നാലു മുതലാണ് ബിഷപ്പിനെ വീട്ടുതടങ്കലിലാക്കിയത്. അറസ്റ്റിലായ ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസിന് പരസ്യ പിന്തുണ വാഗ്ദാനം ചെയ്ത ആദ്യത്തെ രൂപതയാണ് സിയുന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.