റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമം ഫത്വയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് പ്രതിയുടെ മൗന സമ്മതം; 'രക്ഷപ്പെട്ടുവെന്നത് ആശ്ചര്യപ്പെടുത്തി'

റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമം ഫത്വയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് പ്രതിയുടെ മൗന സമ്മതം; 'രക്ഷപ്പെട്ടുവെന്നത് ആശ്ചര്യപ്പെടുത്തി'

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ പൊതുവേദിയില്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത് അദ്ദേഹത്തിന് മേല്‍ നേരത്തെ ഏര്‍പ്പെടുത്തിയ ഫത്വയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് പ്രതിയുടെ മൗന സമ്മതം. ഇതു സംബന്ധിച്ച പൊലീസിന്റെ ചോദ്യത്തിന് പ്രതി ഹാദി മതര്‍ നിശ്ബദത പാലിച്ചു.

അതേസമയം ഫത്വ ഏര്‍പ്പെടുത്തിയ മുന്‍ ഇറാന്‍ നേതാവ് അയത്തുള്ള റുഹോല്ല ഖൊമേനിയെ താന്‍ ബഹുമാനിക്കുന്നെന്നും സല്‍മാന്‍ റുഷ്ദിയെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും 24 കാരനായ പ്രതി മൊഴി നല്‍കുന്നതായ വീഡിയോ ക്ലിപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. ഇസ്ലാമിനെ അവഹേളിച്ച ആളാണ് റുഷ്ദി. ഇസ്ലാം വിശ്വാസങ്ങളെയും ആചാര രീതികളെയും അദ്ദേഹം ആക്രമിച്ചെന്നും പ്രതി പറഞ്ഞു. തന്റെ ആക്രമണത്തില്‍നിന്ന് റുഷ്ദി ജീവനോടെ രക്ഷപ്പെട്ടുവെന്നത് ആശ്ചര്യപ്പെടുത്തിയെന്ന് പ്രതി പറയുന്നതും വീഡിയോ ക്ലിപ്പിലുണ്ട്.

1988-ല്‍ ദി സാത്താനിക് വേഴ്സ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 1989 ഫെബ്രുവരി 14 നാണ് റുഷ്ദിക്ക് മേല്‍ ഖൊമേനി ഫത്വ (മത ശാസന) പുറപ്പെടുവിച്ചത്. റുഷ്ദിയുടെ നോവല്‍ പ്രവാചക നിന്ദയാണെന്നും അത് എഴുതിയവരെയും പ്രസിദ്ധീകരിച്ചവരെയും വധശിക്ഷയ്ക്കു വിധേയമാക്കണം എന്നുമായിരുന്നു ഫത്വ. 28 ലക്ഷം ഡോളറാണ് റുഷ്ദിയെ വധിക്കുന്നയാള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

ഇത്രയും കാലം റുഷ്ദി ജീവിച്ചത് തങ്ങളുടെ ഔദാര്യത്തിലായിരുന്നെന്നും ഹാദി മതര്‍ പ്രതികരിച്ചു. ദ സാത്താനിക് വേഴ്സ് എന്ന നോവലിന്റെ 'രണ്ട് പേജുകള്‍ മാത്രമേ താന്‍ വായിച്ചിട്ടുള്ളൂ.' അത്രയും തന്നെ എഴുത്തുകാരനോട് വിദ്വേഷം ഉണ്ടാകാന്‍ കാരണമായി. എഴുത്തുകാരന്‍ ന്യൂയോര്‍ക്കിലെ ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷന്‍ സന്ദര്‍ശിക്കുന്നതായി അറിയിച്ച ഒരു ട്വീറ്റാണ് അവിടെ പോകാനുള്ള ആശയം നല്‍കിയതെന്നും ഹാദി മതര്‍ സമ്മതിച്ചു.

ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷന്‍ വേദിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച കലാസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് 75 കാരനായ റുഷ്ദിയെ മതര്‍ വേദിയിലേക്ക് ഓടിക്കയറി കുത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതമായി പരിക്കേറ്റ റുഷ്ദിയെ ഉടനെ തന്നെ സംഘാടകര്‍ ആശുപത്രിയിലെത്തിച്ചു. പ്രതിയെ സംഭവ സ്ഥലത്തുനിന്നു തന്നെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.