50 വര്‍ഷത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കണം: കുതിക്കാനൊരുങ്ങി ആദ്യ ബഹിരാകാശ പേടകം; വിക്ഷേപണം ആഗസ്റ്റ് 29ന്

50 വര്‍ഷത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കണം: കുതിക്കാനൊരുങ്ങി ആദ്യ ബഹിരാകാശ പേടകം; വിക്ഷേപണം ആഗസ്റ്റ് 29ന്

ഫ്‌ളോറിഡ: 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായുള്ള സ്പേസ് ലോഞ്ച് വെഹിക്കിള്‍ 'ഓറിയോണ്‍ വണ്‍' ന്റെ ആദ്യ പരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ് നാസ. യാത്രക്കാരില്ലാതെയാണ് പേടകത്തിന്റെ ആദ്യയാത്ര. ആഗസ്റ്റ് 29 ന് വിക്ഷേപണം ചെയ്യും. ചന്ദ്രന് ചുറ്റും വലംവെയ്ക്കുകയാണ് പേടകത്തിന്റെ ദൗത്യം. 42 ദിവസങ്ങള്‍ക്ക് ശേഷം ദൗത്യം പൂര്‍ത്തീകരിച്ച് പേടകം മടങ്ങിയെത്തും.

മനുഷ്യന്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ എസ്എല്‍എസ് എന്ന ബഹിരാകാശ പേടകമാണ് ദൗത്യത്തിന് തയാറെടുക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ അസംബ്ലി കെട്ടിടത്തില്‍ നിന്ന് ബഹിരാകാശ പേടകം പുറത്തിറക്കി ആറു കിലോമീറ്റര്‍ അകലെയുള്ള വിക്ഷേപണ തറയിലേക്ക് കൊണ്ടുപോയി. വിജയകരമായാല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന ദൗത്യത്തിന് തുടക്കം കുറിക്കും. 2025ലാകും ഇതിന്റെ ലോഞ്ചിംഗ് ഉണ്ടാവുക.

1972ന് ശേഷം ആദ്യമായിട്ടാണ് ചന്ദ്രനിലേക്ക് മനുഷ്യന്‍ പറക്കാന്‍ ഒരുങ്ങുന്നത്. എസ്എല്‍എസ് എന്ന പേടകത്തിനാണ് ചന്ദ്ര ദൗത്യത്തിന്റെ ചുമതല. ഒട്ടേറെ പ്രത്യേകതകളുള്ള പേടകത്തിന്റെ നിര്‍മാണത്തിനായി 17 വര്‍ഷം വേണ്ടിവന്നു. മാത്രമല്ല 50 ബില്യണ്‍ നിര്‍മാണത്തിനായി നാസ ചെലവഴിച്ചു കഴിഞ്ഞു.

322 അടി (98 മീറ്റര്‍) ഉയരമുള്ള റോക്കറ്റിന് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുണ്ട്. മനുഷ്യനിര്‍മിതമായ ഏറ്റവും ഉയരമുള്ള പേടകമാണിത്. ആര്‍എസ് 25 ശ്രേണിയില്‍പ്പെട്ട നാല് എന്‍ജിനുകളും രണ്ട് റോക്കറ്റ് ബൂസ്റ്റേഴ്സും ഉണ്ട്. നാല് എന്‍ജിനുകള്‍ ചേര്‍ന്ന് 39.1 മെഗാ ന്യൂട്ടണ്‍സ് ത്രസ്റ്റാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതുവരെ വിക്ഷേപിച്ചതില്‍ വെച്ച് ഏറ്റവും കരുത്തേറിയ സ്പേസ് ഷിപ്പാണിതെന്ന് നാസ അവകാശപ്പെടുന്നു. മണിക്കൂറില്‍ 39500 കിലോമീറ്ററാണ് പരമാവധി വേഗത.



നാസയുടെ ആര്‍തമിസ് പ്രോഗ്രാമിന്റെ തുടക്കമാണിത്. ചന്ദ്രന്റെ പ്രദക്ഷിണ മേഖലയില്‍ സ്പേസ് സ്റ്റേഷന്‍ സ്ഥാപിക്കുക എന്ന വലിയ ലക്ഷ്യമാണ് നാസയ്ക്കുള്ളത്. ചന്ദ്രനില്‍ സ്ഥിരമായ ഒരു ബേസ് സ്ഥാപിക്കണമെന്നത് അവരുടെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. ഭാവിയില്‍ മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുന്ന ശ്രമങ്ങള്‍ക്കും ഇത് പ്രചോദനമാകും. ഇതെല്ലാം നടക്കണമെങ്കില്‍ എസ്എല്‍എസിന്റെ ലോഞ്ചിംഗ് വിജയിക്കണം. അത് കൃത്യമായി ചന്ദ്രനെ വലംവെച്ച് തിരിച്ചെത്തണം.

മോശം വിക്ഷേപണ കാലാവസ്ഥയോ ചെറിയ സാങ്കേതിക പ്രശ്നമോ കാലതാമസത്തിന് കാരണമാകുകയാണെങ്കില്‍, നാസയ്ക്ക് സെപ്റ്റംബര്‍ രണ്ട്, സെപ്റ്റംബര്‍ അഞ്ച് എന്നീ ബാക്കപ്പ് വിക്ഷേപണ തീയതികളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.