കോഴിക്കോട്: മുഖ്യമന്ത്രിയെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 40 ക്രിമിനല്‍ കേസുകളുള്ള എസ്എഫ്‌ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
എസ്എഫ്‌ഐ നേതാവിനെതിരെയുള്ള കേസുകളില്‍ 16 എണ്ണവും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്നെണ്ണം വധശ്രമത്തിനും ഒരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകള്‍ക്കും കാല് വെട്ടി ബൈക്കില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവര്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ആ കളി തങ്ങളോട് വേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സര്‍വകലാശാലകളില്‍ ആറ് വര്‍ഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ സി.പി.എമ്മുകാരുടെ ബന്ധുക്കള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. വിഷായധിഷ്ഠിതമായാണ് പ്രതിപക്ഷം സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.