യാത്രക്കാരുടെ ഡേറ്റ വില്‍ക്കാന്‍ റെയില്‍വേ; ലക്ഷ്യമിടുന്നത് 1,000 കോടി രൂപയുടെ വരുമാനം

യാത്രക്കാരുടെ ഡേറ്റ വില്‍ക്കാന്‍ റെയില്‍വേ; ലക്ഷ്യമിടുന്നത് 1,000 കോടി രൂപയുടെ വരുമാനം

ന്യൂഡല്‍ഹി: റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനമായ ഐആര്‍സിടിസി തങ്ങളുടെ പക്കലുള്ള യാത്രക്കാരുടെ ഡേറ്റാ വിവരങ്ങള്‍ വില്‍പനയ്ക്ക് ഒരുങ്ങുന്നു.

വിവരങ്ങള്‍ കൈമാറാന്‍ റെയില്‍വേ അനുമതി നല്‍കിയതിനു പിന്നാലെ ഡിജിറ്റല്‍ മോണറ്റൈസേഷന്‍ സംബന്ധിച്ച സാധ്യതകള്‍ മനസിലാക്കാനും പ്രയോജനപ്പെടുത്താനുമായി കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നതിന് ഐആര്‍സിടിസി ടെന്‍ഡര്‍ ക്ഷണിച്ചു.

പ്രതിവര്‍ഷം 42.75 കോടി ടിക്കറ്റുകളാണ് ഇന്ത്യന്‍ റെയില്‍വേ വിറ്റഴിക്കുന്നത്. അതു കെണ്ടു തന്നെ യാത്രക്കാരുടെ വയസ്, പണമിടപാട് രീതി, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിങ്ങനെ വലിയ തോതിലുളള യാത്രാ വിവരങ്ങള്‍ ഐആര്‍സിടിസിയുടെ കൈയിലുണ്ട്.

ഉപഭോക്തൃ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മറ്റ് സേവനങ്ങള്‍ക്കുമായി ഡേറ്റ വിവരങ്ങള്‍ ഉപയോഗപ്പെടുത്താമെന്നാണ് ഐആര്‍സിടിസിയുടെ വാദം. ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഓഗസ്റ്റ് 29 ആണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2 ലക്ഷം രൂപ ഏണസ്റ്റ് മണി ഡപ്പോസിറ്റ് (ഇഎംഡി) നിക്ഷേപിക്കണം.

റെയില്‍വെ ടിക്കറ്റ് സംവിധാനത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ഐആര്‍സിടിസിയാണ്. അതിനാല്‍ത്തന്നെ ഇതുവരെ യാത്ര ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ കമ്പനിയുടെ കൈവശമുണ്ട്. ഡേറ്റാ വിവരങ്ങള്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലുള്ള കമ്പനികള്‍ക്കു വില്‍ക്കുന്നതിലൂടെ 1000 കോടി രൂപയോളം സമാഹരിക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.