മൊഗാദിഷു: സൊമാലിയയിലെ ഹയാത്ത് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ മൊഗാദിഷുവിലെ ഹയാത്ത് ഹോട്ടലിന് നേരെയാണ് തീവ്രവാദികള്‍ വെടിവയ്പ്പും കാര്‍ ബോംബാക്രമണവും നടത്തിയത്. 2008 നവംബര്‍ 26-ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനു സമാനമായ കാര്യങ്ങളാണ് മൊഗാദിഷുവിലും സംഭവിക്കുന്നത്.
ഹോട്ടലിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളെയും രക്ഷപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. തീവ്രവാദികളുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് തീവ്രവാദ സംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തു.
ആദ്യം ഭീകരര്‍ ഹോട്ടലിന് നേരെ വെടിയുതിര്‍ത്തു. പിന്നീട് രണ്ട് കാറുകളില്‍ സ്ഫോടക വസ്തുക്കളുമായാണ് തീവ്രവാദികള്‍ എത്തിയത്. ഒരു കാര്‍ ഹോട്ടലിന് മുന്നിലെ ബാരിയറിലും മറ്റൊന്ന് ഹോട്ടലിന്റെ കവാടത്തിലേക്കും ഇടിച്ചു കയറ്റുകയായിരുന്നു.
ഹോട്ടലിനുള്ളില്‍ തീവ്രവാദികള്‍ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പ് തുടരുകയാണെന്ന് സൈനിക ഉദ്യോഗസ്ഥന്‍ അബ്ദികാദിര്‍ ഹസന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വലിയ തോതില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതീവ സുരക്ഷിത മേഖലയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാധാരണക്കാരും പതിവായി സന്ദര്‍ശിക്കുന്ന മേഖലയാണിത്. ആക്രമണം നടത്തിയ അല്‍ ഷബാബ് ഐഎസിനോട് കൂറ് പ്രഖ്യാപിച്ച സംഘടനയാണ്.
കഴിഞ്ഞ 10 വര്‍ഷമായി സൊമാലിയന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ അല്‍-ഷബാബ് ഭീകരര്‍ ശ്രമിക്കുന്നുണ്ട്. ഈ വര്‍ഷം മെയില്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ് ചുമതലയേറ്റ ശേഷം സൊമാലിയയിലുണ്ടായ ആദ്യത്തെ തീവ്രവാദ ആക്രമമാണിത്. കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 13 സൊമാലിയന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
സൊമാലിയന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. നേരത്തെയും സമാനമായ ആക്രമണങ്ങള്‍ അല്‍ ഷബാബ് സൊമാലിയയില്‍ നടത്തിയിട്ടുണ്ട്. 2020 ഓഗസ്റ്റില്‍ മൊഗാദിഷുവിലെ മറ്റൊരു ഹോട്ടലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 16 പേരാണ് കൊല്ലപ്പെട്ടത്.
2011-ല്‍ അല്‍-ഷബാബ് തീവ്രവാദികളെ രാജ്യത്തുനിന്നും ആഫ്രിക്കന്‍ യൂണിയന്‍ സേന പുറത്താക്കിയതാണ്. ആഫ്രിക്കന്‍ യൂണിയന്റെ സംരക്ഷണവും പാശ്ചാത്യ പിന്തുണയുമുള്ള സൊമാലിയ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് അല്‍ ഷബാബിന്റെ ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.