ന്യൂഡല്‍ഹി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് ഉത്തരേന്ത്യ. മഴക്കെടുതിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതയ്ക്കുന്നത്.
ശനിയാഴ്ച ഹിമാചലില്‍ മേഘവിസ്‌ഫോടനമുണ്ടായി. മിക്ക റോഡുകളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്ന് 232.31 കോടി രൂപ പ്രശ്‌നബാധിത ജില്ലകള്‍ക്ക് അനുവദിച്ചതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓങ്കാര്‍ ശര്‍മ പറഞ്ഞു.
കാന്‍ഗ്രയില്‍ ചക്കി നദിക്ക് കുറുകെയുള്ള റെയില്‍പ്പാലം തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഹിമാചല്‍പ്രദേശിലെ മാണ്ഡി ജില്ലയിലെ മാണ്ഡി-കട്ടോല-പ്രഷാര്‍ റോഡിലെ ബാഗിനുള്ളയില്‍ വെള്ളപ്പൊക്കത്തില്‍ ഞായറാഴ്ച ആറുപേരെ കാണാതായി. രാത്രി വൈകിയും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മൂന്നു ദിവസത്തിനിടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 22 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മാണ്ഡി, കാന്‍ഗ്ര, ചമ്പ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍.
ഒഡീഷയില്‍ ആറുപേര്‍ മരിച്ചു. മയൂര്‍ഭഞ്ജ്, കേന്ദ്രപാര, ബാലസോര്‍ തുടങ്ങി ഒട്ടേറെ ജില്ലകളില്‍ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നു. ശനിയാഴ്ച മഹാനദിയില്‍ ഒഴുക്കില്‍പ്പെട്ട ബോട്ടില്‍ നിന്ന് 70 പേരെ രക്ഷപ്പെടുത്തി.
വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയില്‍ റെയില്‍വേയ്ക്ക് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സര്‍വീസുകള്‍ പലതും നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. പലയിടത്തും റെയില്‍വേ ട്രാക്ക് തന്നെ ഒഴുകി പോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.