ബിഷപ്പ് അല്‍വാരസിനെയും വൈദികരെയും അറസ്റ്റ് ചെയ്ത് നിക്കരാഗ്വ പോലീസ്; ഭരണകൂട ഭീകരതയ്‌ക്കെതിരേ പ്രതിഷേധം ഉയരുന്നു

ബിഷപ്പ് അല്‍വാരസിനെയും വൈദികരെയും അറസ്റ്റ് ചെയ്ത് നിക്കരാഗ്വ പോലീസ്; ഭരണകൂട ഭീകരതയ്‌ക്കെതിരേ പ്രതിഷേധം ഉയരുന്നു

മെക്സിക്കോ സിറ്റി: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ നടപടികളുടെ വിമര്‍ശകനായ ബിഷപ്പിന്റെ വീട് റെയ്ഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നിക്കരാഗ്വ പൊലീസ്. മതഗല്‍പ്പ ബിഷപ്പായ റൊളാന്‍ഡോ അല്‍വാരസും വീട്ടിലുണ്ടായ മറ്റ് പുരോഹിതരും അറസ്റ്റിലായിട്ടുണ്ട്. ഏതാനും ദിവസമായി വീട് പൊലീസ് വളഞ്ഞിരിക്കുകയായിരുന്നു.

വീട്ടു തടങ്കലിലായിരുന്ന ബിഷപ്പിനെയും വൈദികരെയും വിശ്വാസികളെയും ബന്ധനസ്ഥരാക്കിയാണ് കൊണ്ടുപോയത്. രൂപതാസ്ഥാനത്ത് ആഗസ്റ്റ് നാലു മുതല്‍ വീട്ടുതടങ്കലിലായിരുന്ന ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസും വൈദികരും വൈദിക വിദ്യാര്‍ത്ഥികളും അല്‍മായ വിശ്വാസികളും ഉള്‍പ്പടെ എട്ടു പേരെയുമാണ് പോലീസും അര്‍ദ്ധ സുരക്ഷാസേനയും ചേര്‍ന്ന് ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയത്.

എട്ടു വാഹനങ്ങളുമായി എത്തിയാണ് പോലീസ് രൂപതയുടെ അരമനയില്‍ അതിക്രമിച്ചുകയറിയത്. ഇവരെ നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വേയിലേക്കാണ് കൊണ്ടുപോയത്. ചോദ്യം ചെയ്യുന്നതിനാണ് കൊണ്ടു പോയതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ രാജ്യത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയ ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസിനെ ക്രൂശിക്കാനുള്ള പ്രസിഡന്റ് ഒര്‍ട്ടേഗയുടെ സമ്മര്‍ദ്ദ തീരുമാനമായാണ് ഇതിനെ നോക്കികാണുന്നത്. സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയര്‍ത്തിയതാണ് കത്തോലിക്ക സഭയ്‌ക്കെതിരെയുള്ള ഇത്തരം നടപടികള്‍ക്കു കാരണം.

അക്രമികളെ സംഘത്തെ സംഘടിപ്പിച്ചെന്നും സര്‍ക്കാരിനെതിരെ ആക്രമണം നടത്താന്‍ അവരെ പ്രേരിപ്പിച്ചെന്നുമാണ് ബിഷപ്പ് നേരിടുന്ന ആരോപണം. റെയ്ഡ് തുടങ്ങും മുന്‍പ് മതഗല്‍പ്പ രൂപത സമൂഹ മാധ്യമങ്ങളില്‍ സഹായ അഭ്യര്‍ത്ഥന നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

ഭിന്ന സ്വരങ്ങളെ തുടര്‍ച്ചയായി അടിച്ചമര്‍ത്തിയാണ് ഒര്‍ട്ടേഗയുടെ ഭരണം മുന്നോട്ടു പോകുന്നത്. രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുന്ന ഡസന്‍ കണക്കിന് നേതാക്കളാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത്.

ലാറ്റിനമേരിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം നിക്കരാഗ്വയിലെ സ്ഥിതിഗതികളെക്കുറിച്ചും ബിഷപ്പ് അല്‍വാരസിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ നടപടികളില്‍ യുഎന്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഇന്റര്‍-അമേരിക്കന്‍ കമ്മീഷന്‍ ഈ നടപടിയെ അപലപിക്കുകയും തടവിലാക്കിയവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.