ചിന്താമൃതം; ധ്യാനകേന്ദ്രവും ഭാര്യയുടെ മാനസാന്തരവും

ചിന്താമൃതം; ധ്യാനകേന്ദ്രവും ഭാര്യയുടെ മാനസാന്തരവും

കഴിഞ്ഞ 29 വർഷമായി അയാൾ ഗൾഫിലെ മണലാരണ്യത്തിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് 24 വർഷം. 23 വയസ്സുള്ള മകളെ എംബിഎ വരെ പഠിപ്പിച്ചു. തന്റെ ചെറിയ കുടുംബത്തിന് കയറിക്കിടക്കാൻ അയാൾ ഒരു വീടും നിർമ്മിച്ചു. ശാരീരികമായി അസ്വസ്ഥതകൾ ധാരാളമുള്ള ആ 54 കാരനെ ഞാൻ കണ്ടത് ഒരു വലിയ കെട്ടിടം പണിയുന്ന സ്ഥലത്തു വച്ചാണ്. ജോലി സമയം കഴിഞ്ഞ് തിരിച്ച് താമസ സ്ഥലത്തേക്ക് പോകാൻ വണ്ടി കാത്തുനിൽക്കുന്ന തൊഴിലാളികളുടെ കൂടെയാണ് അയാളെ കണ്ടത്. യൂണിഫോമിൽ ആയതുകൊണ്ട് ഒരു മലയാളി ആണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. എന്നാൽ അയാൾ എന്നെ തിരിച്ചറിഞ്ഞ് അരികിലെത്തി പരിചയപ്പെടാനും സംസാരിക്കാനും തുടങ്ങി.

തൃശൂർ ശൈലിയിലെ സംസാരം കേട്ടിരിക്കാൻ നല്ല രസം. രാഷ്ട്രീയം, സാമൂഹികം, മതപരം ഇതൊക്കെ സംസാരിക്കുന്നതിനിടയിൽ ഞാൻ അദ്ദേഹത്തോട് കുടുംബത്തെക്കുറിച്ച് ചോദിച്ചു. അൽപ സമയം നിശബ്ദനായി നിന്ന ആ മനുഷ്യന്റെ കണ്ണുകൾ സാവധാനം നിറഞ്ഞു തുടങ്ങി. അയാളുടെ കവിളുകളിലൂടെ ഒരു കണ്ണീർ ചാൽ ഒഴുകാൻ തുടങ്ങി. ഒന്നും മനസിലാകാതെ ഞാൻ ആകെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നോക്കി. സാവധാനം അയാൾ, ഇട്ടിരുന്ന ഉടുപ്പിന്റെ കൈഭാഗം ഉപയോഗിച്ച് കണ്ണുകൾ തുടച്ച് അയാളുടെ വികാര നിർഭരമായ ജീവിത കഥ വിവരിക്കാൻ തുടങ്ങി. അത് മുഴുവൻ വിവരിക്കാൻ ഈ പ്രതലം മതിയാവില്ലാത്തതുകൊണ്ട് ഞാൻ ചുരുക്കി പറയാം.

സന്തോഷം നിറഞ്ഞതായിരുന്നു ഫ്രാൻസീസിന്റെ കുടുംബ ജീവിതം. ദൈവ ഭക്തിയും കാര്യപ്രാപ്തിയുമുള്ള ഭാര്യയുടെ സഹായത്തോടെ അയാൾ ഏക മകളെ പഠിപ്പിച്ചു. 15 സെന്റ് സ്ഥലം വാങ്ങി അതിൽ വീട് വച്ചു, കടങ്ങളെല്ലാം വീട്ടി. ഭാര്യക്കും മകൾക്കും അത്യാവശ്യം സ്വർണ്ണവും വസ്ത്രങ്ങളുമൊക്കെ വാങ്ങിച്ചു. അങ്ങനെ മകൾ എംബിഎ അവസാന സെമസ്റ്റർ പഠിക്കുമ്പോൾ അമ്മയും മകളും കൂടി ഇരിഞ്ഞാലക്കുട മൂരിയാടുള്ള ഒരു സ്ഥലത്ത് ധ്യാനം കൂടാൻ പോയി.

അതിന് ശേഷം ഭാര്യ ആകെ മാറി, മാനസാന്തരം വന്നു എന്നവൾ പറയുന്നു. ഏകദേശം 6 മാസങ്ങൾക്ക് ശേഷം ഭാര്യയുടെ പേരിൽ അയാൾ വാങ്ങിയ സ്ഥലവും വീടും അവൾ വിറ്റു. കൈയിലുണ്ടായിരുന്ന കാശും സ്വർണവുമെല്ലാം എടുത്ത് മകളെയും കൂട്ടി അവർ ധ്യാനിക്കാൻ പോയ സ്ഥലത്ത് ചെന്ന് സ്ഥിര താമസമാക്കി. അയാൾക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായില്ല. ജോലി രാജി വച്ച് തങ്ങളുടെ കൂടെ വരാൻ അവർ അയാളെയും പല തവണ നിർബന്ധിച്ചു.

അവസാനം കാര്യങ്ങൾ മനസിലാക്കാൻ അയാൾ നാട്ടിലെത്തി. കത്തോലിക്കാ സഭയിൽ നിന്നും വിട്ടുപോയ ഒരു വ്യക്തി ആരംഭിച്ച ഒരു ഗ്രൂപ്പാണ് ഈ ധ്യാനം നടത്തിയതെന്നും, ഇതൊരു തട്ടിപ്പ് സംഘമാണെന്നും അയാൾക്ക് മനസിലായി. അവിടെ എത്തിപ്പെട്ട ഭാര്യയെയും മകളെയും രക്ഷിക്കാൻ അയാൾ സാധ്യമായ രീതിയിലെല്ലാം ശ്രമിച്ചു. അതിനിടയിൽ ആരൊക്കെയോ അയാളെ മർദിച്ച് അവശനാക്കി. അയാളുടെ ഇളയ അനുജൻ എത്തി അയാളെ ആശുപത്രിയിലാക്കി. ഒരു മാസം കഴിഞ്ഞ് അയാൾ തിരികെ ഗൾഫിലേക്ക് പോന്നു.

24 വർഷം ജീവനു തുല്യം സ്നേഹിച്ച ഭാര്യ, 23 വയസ്സ് വരെ പൊന്നുപോലെ വളർത്തിയ മകൾ, അധ്വാനിച്ചുണ്ടാക്കിയ വീടും പറമ്പും എല്ലാം അയാൾക്ക് നഷ്ടമായി. സ്വന്തമെന്ന് പറയാൻ ഇന്നയാൾക്ക് അയാൾ മാത്രം. ജീവിതത്തിൽ ഒറ്റപ്പെട്ട അയാളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ വിഷമിച്ചു. ലേബർ ക്യാമ്പിലേക്കുള്ള ബസിൽ കയറി എന്റെ നേരെ കൈ വീശുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കുടുംബത്തെ പരസ്പരം അകറ്റുന്ന ധ്യാനവും മനസാന്തരവും - എന്തോ എനിക്കൊന്നും മനസിലായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.