ബുഡാപെസ്റ്റ്: കാലാവസ്ഥ പ്രവചനം തെറ്റിയത് വലിയ രാഷ്ട്രീയ, സാമൂഹിക പ്രശ്നമായി മാറിയെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു പ്രവചനം മൂലം രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ജോലി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ് ഹംഗറിയില്‍. കനത്ത മഴ പെയ്തേക്കുമെന്ന കാലാവസ്ഥ പ്രവചനം പാളിയതാണ് ജീവനക്കാരുടെ പണി തെറിക്കാന്‍ കാരണം.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് സെന്റ് സ്റ്റീഫന്‍സ് ഡേ. ഈ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വെടിക്കെട്ട് യൂറോപ്പിലെങ്ങും പ്രശസ്തമാണ്. ശനിയാഴ്ച്ചയായിരുന്നു വെടിക്കെട്ട് നിശ്ചയിച്ചിരുന്നത്. എല്ലാ തയാറെടുപ്പുകളും അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു.
അവസാന നിമിഷമാണ് ഒരു പ്രവചനവുമായി കാലാവസ്ഥ വിദഗ്ധര്‍ രംഗത്തെത്തുന്നത്. വെടിക്കെട്ട് നടക്കുന്ന സമയത്ത് വലിയ കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. കാലാവസ്ഥ പ്രവചനത്തില്‍ വളരെ കൃത്യത പുലര്‍ത്തുന്ന രാജ്യമാണ് ഹംഗറി. വിദഗ്ധരായ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ സര്‍ക്കാരും സംഘാടകരും തയാറായി.
വെടിക്കെട്ട് നടക്കാന്‍ ഏഴു മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കേ പരിപാടി മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടു. ഒരാഴ്ച്ചത്തേക്ക് പരിപാടി മാറ്റിവയ്ക്കുന്നുവെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയട്ടെ, പരിപാടി നിശ്ചയിക്കപ്പെട്ട സമയത്ത് പേമാരിയും കാറ്റും ഉണ്ടായില്ല. ഇതോടെ വെടിക്കെട്ട് പ്രേമികളും പ്രതിപക്ഷവും ഇടഞ്ഞു. സര്‍ക്കാരിനും നാണക്കേടായി. സമയം വൈകാതെ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.