ഇന്ത്യ- യുഎഇ വിമാനടിക്കറ്റ് നിരക്ക് ഒക്ടോബറിലും ഉയർന്നുതന്നെ

ഇന്ത്യ- യുഎഇ വിമാനടിക്കറ്റ് നിരക്ക് ഒക്ടോബറിലും ഉയർന്നുതന്നെ

ദുബായ്: മധ്യവേനലവധി അവസാനിക്കുന്നതോടെ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വർദ്ധനവാണ് ആഗസ്റ്റ് അവസാനവാരത്തിലും സെപ്റ്റംബർ ആദ്യ വാരത്തിലും അനുഭവപ്പെടുന്നത്. അതേസമയം ഒക്ടോബറിലും ടിക്കറ്റ് നിരക്കില്‍ കുറവ് പ്രതീക്ഷിക്കേണ്ടെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍. ഹിന്ദു ആഘോഷങ്ങളായ ദസറയും ദീപാവലിയും ഒക്ടോബർ മാസത്തിലാണ്. ഇതിന്‍റെ ചുവടുപിടിച്ച് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കില്‍ ഇപ്പോള്‍ തന്നെ ഇരട്ടി വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കിലും വർദ്ധനവുണ്ട്.

ഒക്ടോബർ 24 നാണ് ദീപാവലി ആഘോഷിക്കുന്നത്. ദസറ ഒക്ടോബർ അഞ്ചിനാണ്. ഈ ഉത്സവങ്ങള്‍ക്കായി രണ്ടാഴ്ച സ്കൂള്‍ അവധിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്ന് കുടുംബങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നവരും കുറവല്ല. ഈ സാഹചര്യത്തില്‍ ആവശ്യക്കാരേറുമെന്നുളളത് മുന്നില്‍ കണ്ടുകൊണ്ടാണ് ടിക്കറ്റ് നിരക്കും കൂടുന്നത്. ബർദുബായിലെ വിവിധ ഹോട്ടലുകളില്‍ ഇപ്പോള്‍ തന്നെ ഒക്ടോബറിലേക്കുളള ബുക്കിംഗ് 100 ശതമാനവും പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ രണ്ടാം വാരത്തില്‍ 1000 ദിർഹമാണ് മുംബൈ ദില്ലി റൂട്ടുകളിലേക്കുളള ടിക്കറ്റ് നിരക്കെങ്കില്‍ ഒക്ടോബറില്‍ ഉത്സവ കാലത്ത് ഇത് 2000 ന് മുകളിലെത്തുന്നു.

ദുബായ് വിമാനത്താവള അധികൃതരുടെ കണക്ക് അനുസരിച്ച് 2022 ന്‍റെ ആദ്യപകുതിയില്‍ വിമാനത്താവളത്തിലൂടെ കടന്ന് പോയ ഏറ്റവും കൂടുതല്‍ യാത്രാക്കാർ ഇന്ത്യയില്‍ നിന്നുളളവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.