വീണ്ടും പണിമുടക്കി ഇ- പോസ് മെഷീന്‍; ഓണക്കിറ്റ് വിതരണം ഇന്നും തടസപ്പെട്ടു

വീണ്ടും പണിമുടക്കി ഇ- പോസ് മെഷീന്‍; ഓണക്കിറ്റ് വിതരണം ഇന്നും തടസപ്പെട്ടു

കോഴിക്കോട്: ഓണക്കിറ്റ് വിതരണം വീണ്ടും തടസപ്പെട്ടു. ഇ-പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് കിറ്റ് വിതരണം തടസപ്പെട്ടത്. കഴിഞ്ഞ ദിവസവും മെഷീന്‍ തകരാറിലായതോടെ കിറ്റ് വിതരണം തടസപ്പെട്ടിരുന്നു.

പിങ്ക് കാര്‍ഡ് ഉടമകള്‍ക്കായിരുന്നു ഇന്ന് കിറ്റ് വിതരണം ചെയ്തിരുന്നത്. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മെഷീന്‍ പണിമുടക്കുന്നത്. ഇത് സര്‍ക്കാരിന് തിരിച്ചടി ആയിരിക്കുകയാണ്. ഓഗസ്റ്റ് 23 മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ആദ്യ രണ്ട് ദിവസങ്ങളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായിരുന്നു.

ഇന്ന് മുതല്‍ മൂന്ന് ദിവസം പിങ്ക് കാര്‍ഡുടമകള്‍ക്കും പിന്നീടുള്ള ദിവസങ്ങളില്‍ വെള്ള കാര്‍ഡുകള്‍ക്കുമാണ് കിറ്റ് നല്‍കുന്നത്. ഏതെങ്കിലും കാരണത്താല്‍ ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളില്‍ കൈപ്പറ്റാന്‍ അവസരമുണ്ട്.

87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുക. 14 ഇനം സാധനങ്ങളടങ്ങിയതാണ് കിറ്റ്. ഇത്തവണ ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 425 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. വിശപ്പുരഹിത കേരളമെന്ന വാഗ്ദാനം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

അതേസമയം കോവിഡ് കാലത്തടക്കം വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന്‍ തുക ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ് റേഷന്‍ കട ഉടമകള്‍.

മില്‍മ നെയ്യ് 50 മില്ലിഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, ശബരി മുളക്പൊടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, പൊടി ഉപ്പ് ഒരു കിലോ ഗ്രാം, ശബരി തേയില 100 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, ശബരി വെളിച്ചെണ്ണ 500 കിലോഗ്രാം, ഏലയ്ക്ക 20 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, തുണിസഞ്ചി തുടങ്ങിയവയാണ് ഇത്തവണത്തെ ഓണക്കിറ്റില്‍ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.