കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍; സമവായമായില്ല, കാത്തിരിപ്പ് നീളുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍; സമവായമായില്ല, കാത്തിരിപ്പ് നീളുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം 20നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നാണ് വിവരം.

ചികിത്സാര്‍ത്ഥം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്താണ്. അധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ ഇരുവരും വിമുഖത പ്രകടിപ്പിച്ചിരുന്നു. കുടംബത്തിന് പുറത്തു നിന്നൊരാള്‍ ഈ സാഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശവും ചില നേതാക്കള്‍ മുന്നോട്ട് വക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ഭിന്നതയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ നീളാന്‍ കാരണം.

അശോക് ഗലോട്ടിന്റെ പേര് ഉയര്‍ന്നെങ്കിലും എതിര്‍ത്ത് മത്സരിക്കും എന്നാണ് ജി 23 ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. ഞായറാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗം പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം തീരുമാനിക്കും.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ വരണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കുമെന്നുമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടത്. രാഹുല്‍ ഗാന്ധി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണം. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണം. അല്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകും. പലരും വീട്ടിലിരിക്കാന്‍ തയ്യാറാകുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. രാഹുല്‍ അധ്യക്ഷപദവിയിലേക്കെത്തണമെന്നത് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതിന് കോണ്‍ഗ്രസിലെ എല്ലാവരും അനുകൂലിക്കുന്ന കാര്യമാണ്. ഇതില്‍ ഗാന്ധി കുടുംബമാണോ, ഗാന്ധി കുടുംബം അല്ലാ എന്നതിലൊന്നും കാര്യമില്ല. ഈ തീരുമാനം എല്ലാവരും അംഗീകരിക്കും. കാരണം ഇത് പാര്‍ട്ടിയുടെ പ്രശ്‌നമാണ്. കഴിഞ്ഞ 32 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആയിട്ടില്ലന്നും അശോക് ഗെഹ്ലോട്ട് പറയുന്നു. എന്നിട്ടും നരേന്ദ്ര മോഡി ഗാന്ധികുടുംബത്തെ ഭയക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.