ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിമത വിഭാഗമായ ജി 23 നേതാക്കളില്‍ പ്രധാനിയുമായ ഗുലാം നബി ആസാദ് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവച്ചു. ഒരു കാലത്ത് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം കുറച്ചു നാളായി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
സ്വന്തം സംസ്ഥാനമായ ജമ്മു കാശ്മീരിലെ പാര്‍ട്ടി പദവികളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്വം തന്നെ അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നത്. ജമ്മു കാശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ചുമതലപ്പെടുത്തി മണിക്കൂറുകള്‍ക്കകം അദ്ദേഹം രാജിവെച്ചിരുന്നു.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരം താഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്നാണ് ഗുലാം നബിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്.
രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ 2009 മുതല്‍ 2014 വരെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2015 ല്‍ അഞ്ചാം വട്ടം രാജ്യസഭയിലെത്തിയ ആസാദ് 2014 മുതല്‍ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2022 ഫെബ്രുവരിയില്‍ രാജ്യസഭ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പിന്നീട് അവസരം ലഭിച്ചിരുന്നില്ല.
1973 ല്‍ ജമ്മു കാശ്മീരിലെ ഭലീസ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിട്ടാണ് പൊതുരംഗ പ്രവേശനം. പിന്നീട് യൂത്ത് കോണ്‍ഗ്രസ് നേതാവായി മാറിയ അസാദ് 1980 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ വഷീം മണ്ഡലത്തില്‍ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ചു.
1990 ല്‍ ആദ്യമായി രാജ്യസഭാംഗമായ ആസാദ് പിന്നീട് നാല് തവണ കൂടി രാജ്യ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയപ്പോള്‍ രണ്ടാം ടേമില്‍ 2005 ല്‍ ആദ്യമായി ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രിയായി. 2008 ല്‍ സഖ്യകക്ഷിയായ പി.ഡി.പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.