കൊച്ചിയിലെ എടിഎം തട്ടിപ്പ്: ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍; കവര്‍ച്ചാ ഉപകരണവും പിടിച്ചെടുത്തു

കൊച്ചിയിലെ എടിഎം തട്ടിപ്പ്: ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍; കവര്‍ച്ചാ ഉപകരണവും പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയില്‍ വ്യാപകമായി എടിഎം തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 13 എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയ ഉത്തര്‍പ്രദേശ് സ്വദേശി മുബാറക് ആണ് ഇടപ്പള്ളിയില്‍ നിന്ന് പിടിയിലായത്. എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

ഓഗസ്റ്റ് 18ന് പകലും രാത്രിയുമാണ് കളമശേരി പ്രീമിയര്‍ കവലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ നിന്ന് ഏഴ് പേര്‍ക്ക് പണം നഷ്ടമായത്. എ.ടി.എമ്മിന്റെ പണം വരുന്ന ഭാഗത്ത് പേപ്പര്‍ വച്ച് തടസപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സ്‌കെയില്‍ പോലെയുള്ള ഉപകരണമാണോ ഇയാള്‍ ഉപയോഗിക്കുന്നതെന്നും സംശയമുണ്ട്.

ഇടപാടുകാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിക്കാതെ വരികയും തൊട്ടു പിന്നാലെ മോഷ്ടാവ് എത്തി തടസം മാറ്റി പണം എടുക്കുകയുമാണ് ചെയ്തത്. ഓരോ ഇടപാടുകാര്‍ എ.ടി.എമ്മില്‍ കയറുന്നതിന് മുന്‍പും ഇയാള്‍ കയറി മെഷീനില്‍ നിന്നു പണം വരുന്ന ഭാഗം അടച്ചു വയ്ക്കും. പിന്നീട് ഇവര്‍ ഇറങ്ങുമ്പോള്‍ തിരികെ കയറി പണം എടുക്കുകയും ചെയ്യും. മെഷീനിന്റെ തകരാറ് മൂലം പണം ലഭിക്കാത്തതാണെന്നാണ് ഇടപാടുകാര്‍ കരുതിയിരുന്നത്.

കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്ന് ഇയാള്‍ 25,000 രൂപ തട്ടിയതായി പൊലീസ് വ്യക്തമാക്കി. പണം നഷ്ടമായതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ബാങ്കില്‍ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. 10,000 രൂപയോളം നഷ്ടമായവരാണ് ബാങ്കില്‍ വിളിച്ച് പരാതി പറഞ്ഞത്.

കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, എടപ്പള്ളി, ബാനര്‍ജി റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നത്.
സി.സി ടിവിയില്‍ ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും അന്വേഷിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.