മോസ്‌കോ: ഉക്രെയ്ന്‍ അധിനിവേശം ഏഴാം മാസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ സായുധ സേനയുടെ അംഗബലം 1.9 ദശലക്ഷത്തില്‍ നിന്ന് 2.04 ദശലക്ഷമായി ഉയര്‍ത്താനുള്ള ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒപ്പുവച്ചു. പുതുതായി ഉള്‍പ്പെടുത്തുന്നവരില്‍ 1.37 ലക്ഷം പേര്‍ യുദ്ധദൗത്യത്തിനാണ് നിയോഗിക്കുക. ഇതോടെ യുദ്ധമുഖത്തുള്ള സൈനികരുടെ എണ്ണം 1.15 ദശലക്ഷമായി ഉയരും. വ്യാഴാഴ്ച ഒപ്പുവെച്ച ഉത്തരവ് ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.
2017 നവംബറിലാണ് ഇതിനു മുന്‍പ് സൈനിക അംഗബലം വര്‍ധിപ്പിക്കുന്ന ഉത്തരവില്‍ പുടിന്‍ ഒപ്പുവച്ചത്. അന്ന് ആകെ യുദ്ധ സൈനികരുടെ എണ്ണം 1.01 ദശലക്ഷം ആയിരുന്നു. ആറു മാസം നീണ്ട ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കുണ്ടായ സൈനിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് സായുധ സേനയുടെ അംഗബലം വര്‍ധിപ്പിക്കുന്ന നടപടിയെന്ന് റഷ്യന്‍ വിരുദ്ധ ചേരിയിലെ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
തങ്ങളുടെ 1,351 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റഷ്യ സമ്മതിക്കുന്നത്. എന്നാല്‍ കുറഞ്ഞത് 45,000 സൈനികരെയെങ്കിലും റഷ്യയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉക്രെയ്ന്‍ അവകാശപ്പെട്ടു. അമേരിക്കയുടെ കണക്കിലാകട്ടെ റഷ്യയുടെ സൈനിക നഷ്ടം 80,000 ആണ്. ഇത് വലിയ ആക്രമണങ്ങള്‍ നടത്താനുള്ള റഷ്യയുടെ കഴിവിനെ ഇല്ലാതാക്കിയെന്നും അമേരിക്ക പറയുന്നു. ഉക്രെയ്‌ന് ഏകദേശം 9,000 സൈനികര്‍ കൊല്ലപ്പെട്ടതായാണ് കീവിന്റെ സായുധ സേനാ മേധാവി തിങ്കളാഴ്ച്ചയും പറഞ്ഞത്.
അതേസമയം പുതിയ ആളുകളെയാണോ അതോ യുദ്ധത്തിനായി താല്‍കാലികമായി റിക്രൂട്ട് ചെയ്ത ആളുകളെയാണോ സൈന്യത്തില്‍ ഉള്‍പ്പെടുത്തകയെന്ന് റഷ്യ പുറത്തുവിട്ടിട്ടില്ല. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ റഷ്യയില്‍ ഒന്‍പത് ലക്ഷം താല്‍ക്കാലിക ജീവനക്കാരെ സൈന്യത്തില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ റഷ്യന്‍ സേനയുടെ ഭാഗമായ ആളുകളുടെ എണ്ണം രണ്ട് ദശലക്ഷമാണ്. ഇത്തരം കരാര്‍ സൈനികരെയാണ് ഉക്രെയ്ന്‍ യുദ്ധത്തിനായി റഷ്യ നിയോഗിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.