ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ച ഐശ്വര്യയുടെ ചിത്രവുമായി മാതാപിതാക്കൾ കോടതിയിൽ നിന്നു പുറത്തേക്കിറങ്ങുന്നു
പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ മലയാളി ബാലിക ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കൊറോണറുടെ അന്വേഷണം പുരോഗമിക്കവേ, ആശുപത്രി ജീവനക്കാര്‍ നേരിടുന്ന കടുത്ത ജോലി സമ്മര്‍ദത്തിന്റെ വിശദാംശങ്ങളും പുറത്തുവരുന്നു. ജീവനക്കാരുടെ ക്ഷാമവും ജോലി സമ്മര്‍ദവും ഏഴു വയസുകാരിയുടെ മരണത്തിനു കാരണമായെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിന് കടുത്ത പനിയുമായി പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഐശ്വര്യ മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങുകയായിരുന്നു
അത്യാഹിത വിഭാഗത്തില്‍ രണ്ടു മണിക്കൂറോളം കാത്തിരുന്ന ഐശ്വര്യ അശ്വത്തിന്റെ മരണത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നു കാണാം.
പിതാവിന്റെ കൈകളില്‍ കിടക്കുന്ന ഏഴു വയസുകാരിയുടെ തല പിന്നോട്ടു വീഴുന്നതും കൈകളും കാലുകളും കുഴഞ്ഞു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഇതേസമയം, ഒരു മെഡിക്കല്‍ പ്രാക്ടീഷണറെയും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. കുട്ടിയുടെ ഗുരുതരാവസ്ഥ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എളുപ്പം തിരിച്ചറിയാമായിരുന്നിട്ടും ഐശ്വര്യ മരിച്ചതിന്റെ സാഹചര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
1.2 ബില്യണ്‍ ഡോളര്‍ ചെലവിട്ട് മൂന്ന് വര്‍ഷം മുമ്പ് കൊട്ടിഘോഷിച്ച് ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുടെ പരാജയത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അസാധാരണമായ ജോലി സമ്മര്‍ദ്ദമാണ് ജീവനക്കാര്‍ നേരിട്ടതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
ആശുപത്രി ജീവനക്കാരെ വ്യക്തിപരമായി കുറ്റപ്പെടുത്താനില്ലെന്നു പറയുമ്പോഴും ഒരു സിസ്റ്റത്തിന്റെ പരാജയം തങ്ങളുടെ മകളുടെ മരണത്തിലേക്കു നയിച്ചതായി മാതാപിതാക്കളായ അശ്വത് ചവിട്ടുപാറയും പ്രസീത ശശിധരനും വേദനയോടെ പറയുന്നു.
വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ഡേവിഡ് ഹണിയും രംഗത്തുവന്നു. താന്‍ നിരവധി ആശുപത്രി ജീവനക്കാരുമായി വിഷയം ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. അവര്‍ നേരിട്ട ജോലി സമ്മര്‍ദം വിവരാണീതമാണെന്ന് ഡേവിഡ് ഹണി വെളിപ്പെടുത്തി.
'ജോലി ഭാരത്താല്‍ ജീവനക്കാര്‍ തീര്‍ത്തും തളര്‍ന്നിരിക്കുന്നു. അവരില്‍ ഭൂരിഭാഗവും അവധിയില്ലാതെ, പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജോലിയെടുക്കുകയാണ്. ജീവനക്കാരുടെ ജീവിതത്തിന്റെ താളം പോലും തെറ്റിയ അവസ്ഥയിലായിരുന്നു'.
ജീവനക്കാര്‍ ഫലപ്രദമായി ഇടപെട്ടിരുന്നെങ്കില്‍ ഐശ്വര്യയുടെ മരണം തടയാനാകുമായിരുന്നോ എന്നാണ് കൊറോണര്‍ പ്രധാനമായും അന്വേഷിക്കുന്നത്. അതിനൊപ്പം ആശുപത്രി ജീവനക്കാര്‍ നേരിട്ട പ്രതിസന്ധികളും പരിശോധിക്കുന്നുണ്ട്.
ഇതുവരെ, തെളിവുകള്‍ നല്‍കിയ ഓരോ മെഡിക്കല്‍ പ്രാക്ടീഷണറും അന്നു രാത്രി അത്യാഹിത വിഭാഗത്തില്‍ അനുഭവപ്പെട്ട ജീവനക്കാരുടെ കടുത്ത ക്ഷാമത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് ഡേവിഡ് ഹണി പറഞ്ഞു.
ഐശ്വര്യയെ പ്രവശിപ്പിച്ച സമയത്തുണ്ടായിരുന്ന നഴ്സ് ജാക്വലിന്‍ ടെയ്ലര്‍ ഒരേസമയം മൂന്ന് ജോലികളാണ് ചെയ്തിരുന്നത്. രോഗികളെ കാണുകയും അവര്‍ക്ക് ഗുരുതരാവസ്ഥ സംബന്ധിച്ച് സ്‌കോര്‍ അനുവദിക്കുകയും ചെയ്യണമായിരുന്നു. ഗുരുതര രോഗികളെ അത്യാഹിത വിഭാഗത്തിലേക്കു കൊണ്ടുപോകുകയും ആളുകളെ അകത്തേക്കും പുറത്തേക്കും അനുവദിക്കുകയും ചെയ്തതും ജാക്വലിനാണ്.
അന്നേ ദിവസം ഗുരുതരാവസ്ഥയിലുള്ള നിരവധി രോഗികളെ കൈകാര്യം ചെയ്യേണ്ടി വന്നതിന്റെ കടുത്ത മാനസിക സമ്മര്‍ദം വിചാരണവേളയില്‍ ജാക്വലിന്‍ പങ്കുവച്ചിരുന്നു. ഐശ്വര്യയെ കൂടാതെ മറ്റ് 10 രോഗികള്‍ തന്നെ അന്നു കാത്തിരുന്നതായി അവര്‍ വെളിപ്പെടുത്തിയിരുന്നു.
ഇക്കാരണത്താല്‍ ഗുരുതരാവസ്ഥയിലുള്ള ഐശ്വര്യയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിലയിരുത്തല്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ഐശ്വര്യയുടെ മരണത്തിന് തൊട്ടുപിന്നാലെ, പിസിഎച്ചിലെ നഴ്സുമാരുടെ എണ്ണം 68-ല്‍നിന്ന് 129 ആയി ഉയരുകയും ചെയ്തു.
ജീവനക്കാര്‍ നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് ആശുപത്രി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നെങ്കിലും ഒരു ദുരന്തം ഉണ്ടാകുന്നതുവരെ നടപടിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതായി നഴ്സ് യൂണിയന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍, ആശുപത്രി എക്‌സിക്യൂട്ടീവ് ഈ ആശങ്കകള്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26