മണ്ണ് രോഗ കീടങ്ങളെ നിയന്ത്രിക്കാം സൗരോര്‍ജത്തിലൂടെ

മണ്ണ് രോഗ കീടങ്ങളെ നിയന്ത്രിക്കാം സൗരോര്‍ജത്തിലൂടെ

ഓരോ വർഷവും വിളകളെ ദോഷകരമായി ബാധിക്കുകയും ഉൽപാദനക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്ന വിവിധതരം കീടങ്ങളുടെ പ്രശ്നങ്ങൾ കർഷകർ അഭിമുഖീകരിക്കുന്നു. ഇതിൽ പ്രധാനമാണ് മണ്ണ് രോഗ കീടങ്ങൾ. കൃഷിനാശം തടയാൻ കർഷകർക്ക് രാസകീടനാശിനികൾ അമിതമായി ഉപയോഗിക്കേണ്ട സാഹചര്യവും ഉണ്ടാവുന്നു.

എന്നാൽ ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ നമ്മുടെ സൗരോർജ്ജത്തിന് സാധിക്കും. നല്ല വെയിലുള്ളപ്പോഴും വേനല്‍ക്കാലത്തും വൃഥാ പാഴായിപ്പോകുന്ന സൗരോര്‍ജം ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചാൽ മണ്ണ് രോഗം കീടങ്ങളെ നശിപ്പിക്കാൻ വലിയ ചെലവൊന്നും കൂടാതെ തന്നെ നമുക്ക് കഴിയും. മറ്റ് കീടനാശിനി പ്രയോഗവും വേണ്ട. കൃഷിശാസ്ത്രം

ഈ സാങ്കേതിക വിദ്യയ്ക്ക് ''സോയില്‍ സോളറയ്‌സേഷന്‍'' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ രീതിയില്‍ സൂര്യന്റെ ചൂടുപയോഗിച്ചു മണ്ണിലുള്ള കീടങ്ങളെയും രോഗാണുക്കളെയും നശിപ്പിക്കുന്ന രീതിയാണിത്.

നഴ്‌സറികളിലും പോട്ടിങ് മിശ്രിതം തയ്യാറാക്കുന്ന വേളയിലും ഇതിനു പ്രത്യേക പ്രാധാന്യമുണ്ട്. പ്രധാന കൃഷിസ്ഥലത്തും സൂര്യതാപീകരണം ചെയ്യാം. ഇതുവഴി വിളകളുടെ വളര്‍ച്ച മെച്ചപ്പെടുത്തി വിള വര്‍ധനയ്ക്കും ഉപകരിക്കും.

ഈ രീതി എങ്ങനെ നമ്മുടെ കൃഷിയിടത്ത് നടപ്പാക്കാം എന്ന് നോക്കാം. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്ന സമയത്തു സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഈര്‍പ്പമുള്ള മണ്ണ് മൂടി അണുമുക്തമാക്കുകയാണ് ചെയ്യുക. ആദ്യം തടം തയ്യാറാക്കി കല്ലും കട്ടയും നീക്കി നിരപ്പാക്കണം. ജൈവവളങ്ങള്‍ ചേര്‍ക്കുക. എന്നിട്ടു ചതുരശ്ര മീറ്ററിനു അഞ്ച് ലിറ്റര്‍ എന്ന തോതില്‍ നനയ്ക്കുക.

100-150 ഗേജുള്ള സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് തടം മൂടി വായു കടക്കാതെ അരികുകള്‍ മണ്ണിട്ട് മൂടുക. അപ്പോള്‍ അകത്തുള്ള ചൂടും ഈര്‍പ്പവും അതുപോലെ നിലനില്‍ക്കും. ഇടയ്ക്കു വായു അറകളില്ലാതെ പ്ലാസ്റ്റിക് ഷീറ്റും മണ്ണും എല്ലായിടത്തും ചേര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം.

20-30 ദിവസം ഇതുപോലെ തന്നെ ഇടാം. അതിനു ശേഷം പോളിഷീറ്റ് മാറ്റി വിത്തു പാകാം. പോട്ടിങ് മിശ്രിതത്തിനാണെങ്കില്‍ അതും ഇതുപോലെ നിരപ്പായ തറയില്‍ വിരിച്ചു ഷീറ്റുകൊണ്ട് മൂടിയിടണം. പ്രധാന കൃഷിയിടത്തില്‍ വാരങ്ങളില്‍ ജൈവ വളം ചേര്‍ത്ത് ഷീറ്റ് മൂടിയാല്‍ മതി. ഇഞ്ചി, മഞ്ഞള്‍, വാഴ, മരച്ചീനി, വെള്ളരിവര്‍ഗ പച്ചക്കറികള്‍ എന്നിവയ്‌ക്കെല്ലാം സൂര്യതാപീകരണം നല്ലതാണ്.

രോഗകാരികളായ കുമിളുകളുടെ വളര്‍ച്ച തടയുക, വിളനാശം വരുത്തുന്ന നിമാവിരകളെ നശിപ്പിക്കുക, ബാക്ടീരിയകളെ നശിപ്പിക്കുക, മണ്ണില്‍ മുട്ടയിടുന്ന കീടങ്ങളുടെ മുട്ടയും പുഴുവും ഒക്കെ നശിപ്പിക്കുക, കളകളെ ഫലവത്തായി നിയന്ത്രിക്കുക, ഒപ്പം വിളകളുടെ വളര്‍ച്ചനിരക്ക് കൂട്ടി വിളവ് വര്‍ധിപ്പിക്കുക. ഇങ്ങനെ കാര്യമായ ചെലവില്ലാതെ ഈ രീതിയിലൂടെ കര്‍ഷകന് കിട്ടുന്ന ഗുണങ്ങള്‍ അനേകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.