തിരുവനന്തപുരം: ഗവര്‍ണരുടെ എതിര്‍പ്പ് മറികടക്കാന്‍ സര്‍വകലാശാല ബില്ലില്‍ വീണ്ടും മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനു പകരം കൗണ്‍സിലിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. കൗണ്‍സില്‍ വൈസ് ചെയര്‍മാനെ ഉള്‍പ്പെടുത്തുന്നത് യു.ജി.സി നിയമത്തിന് വിരുദ്ധമാണെന്ന അഭിപ്രായം ഗവര്‍ണര്‍ പ്രകടിപ്പിച്ചിരുന്നു.
നിയമസഭ സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്ത സര്‍വ്വകലാശാല ഭേദഗതി ബില്ലില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചന. ബില്ലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ രൂക്ഷമായ വിമര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ മാറ്റം വരുത്തണമെന്ന സി.പി.എം വിലയിരുത്തലിനെ തുടര്‍ന്നാണിത്. സര്‍വ്വകലാശാല നിയമപരിഷ്‌കരണ കമ്മീഷനുകള്‍ വിശദമായ പഠനം നടത്തിയ ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വി.സി നിയമനം സംബന്ധിച്ച് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്.
അതേസമയം ഗവര്‍ണരുടെ പരാമര്‍ശം കണക്കിലെടുത്ത് സഭയില്‍ അവതരിപ്പിച്ച ബില്‍ സബ്‌ജെക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സഭയില്‍ വച്ചുതന്നെ മാറ്റം വരുത്തുന്നത് സര്‍ക്കാരിന് ക്ഷീണമാകും. പഠനം നടത്താതെ ബില്‍ അവതരിപ്പിച്ചത് പ്രതിപക്ഷ വിമര്‍ശനത്തിനും ഇടയാക്കും. യൂണിവേഴ്‌സിറ്റിയുമായി നേരിട്ട് ബന്ധമുള്ള ആരും തന്നെ സേര്‍ച്ച് കമ്മിറ്റിയില്‍ പാടില്ലെന്നാണ് യൂ ജി സി വ്യവസ്ഥ. പ്രത്യേക നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുവാനുള്ള ഒരു സമിതി മാത്രമാണ്. മുന്‍ വിസിമാരെയോ വിദ്യാഭ്യാസ പണ്ഡിതന്മാരെയോ ഈ സ്ഥാനത്ത് നിയമിക്കണമെന്നാണ് ചട്ടം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ. ടി.പി ശ്രീനിവാസനെയാണ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആയി നിയമിച്ചിരുന്നത്. തുടര്‍ന്ന് എം.ജി വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ രാജന്‍ ഗുരുക്കളെ കൗണ്‍സില്‍ വൈസ് ചെയര്‍മാനായി നിയമിച്ചു. 2021നവംബറില്‍ കാലാവധി അവസാനിച്ച അദ്ദേഹത്തിന് സര്‍ക്കാര്‍ വീണ്ടും കാലാവധി നീട്ടിക്കൊടുത്തു.
ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് സര്‍വകലാശാലകളുമായി നേരിട്ട് ബന്ധമില്ല. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്‌ക്കാരങ്ങള്‍ക്ക് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് വിദ്യാഭ്യാസമേഖലയിലെ നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നത്.
കേരള വി.സിയുടെ നിയമനമാണ് പെട്ടെന്ന് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഗവര്‍ണര്‍ ഇതിനകം രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റി നടപടികളുമായി മുന്നോട്ട് പോവുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.