വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം; ഐക്യദാർഢ്യവുമായി യുസിഎഫ്

വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം; ഐക്യദാർഢ്യവുമായി യുസിഎഫ്

കൊച്ചി: അശാസ്ത്രീയ തുറമുഖ നിർമാണ പ്രവർത്തനങ്ങൾ മൂലം വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരും രാജ്യദ്രോഹികൾ എന്ന് മുദ്രയടിക്കപ്പെട്ടവരുമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്രൈസ്തവ സംഘടനകളായ യുസിഎഫ് - ഇന്ത്യയും യുസിഎസ്എഫും സംയുക്തമായി ഇക്കഴിഞ്ഞ 27 ശനിയാഴ്ച എറണാകുളത്തു വച്ച് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കുകയുണ്ടായി.

വൈകുന്നേരം 5:00 മണിക്ക് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനു സമീപമുള്ള
സെന്റ്‌ ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ അങ്കണത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധറാലി മദർ തെരേസ സ്ക്വയറിൽ എത്തിച്ചേർന്നശേഷം നടന്ന പ്രതിഷേധയോഗം കെ.സി.ബി.സി മാധ്യമ കമ്മീഷൻ സെക്രട്ടറി റവ. ഡോ.എബ്രഹാം ഇരിമ്പിനിക്കൽ ഉദ്ഘാടനം ചെയ്തു.
2018 ലെ പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യം എന്നു മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച തീരദേശ ജനതയുടെ ഈ നിലനിൽപ്പിന്റെ പോരാട്ടത്തിന് ജാതി മത ഭേദമന്യേ കേരളീയ പൊതുസമൂഹം പൂർണ പിന്തുണ നൽകണമെന്ന്
ഡോ. എബ്രഹാം ഇരിമ്പിനിക്കൽ ആഹ്വാനം ചെയ്തു.

പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കടലോര ജനതയെ നിരന്തരം കബളിപ്പിച്ചു അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഭരണാധികാരികൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണർന്നു പ്രവർത്തിക്കണമെന്ന് പാസ്റ്റർ എ കെ രവി (ബൈബിൾ കോളേജ് അധ്യാപകൻ) ഉദ്ബോധിപ്പിച്ചു.
വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദാനിയുടെ പക്ഷത്തല്ല നീതിയുടെ പക്ഷത്താണ് സർക്കാർ നിലയുറപ്പിക്കേണ്ടതെന്നും സമരപ്പന്തലിൽ ഇരിക്കുന്ന ബിഷപ്പ്മാർക്കും വൈദികർക്കുമൊപ്പം ഇരിക്കുവാൻ സഭാ വ്യത്യാസം ഇല്ലാതെ ക്രെസ്തവർ സമരപ്പന്തലിലേക്ക് എത്തിചേരുമെന്നും യുസിഎസ്എഫ് വർക്കിങ് ചെയർമാൻ ഷൈജു എബ്രഹം പറഞ്ഞു.

യുസിഎസ്എഫ് സെക്രട്ടറി ഡോമിനിക് സാവിയോ, ക്രിസ്ത്യൻ കോർഡിനേഷൻ കൗൺസിൽ സ്റ്റേറ്റ് കോർഡിനേറ്റർ സാബു എബ്രഹാം, എക്ലേയ്സ യുണൈറ്റഡ് ഫോറം ജനറൽ സെക്രട്ടറി അഡ്വ. സോനു അഗസ്റ്റിൻ ആലഞ്ചേരി, അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ പാസ്റ്റർ റ്റി.റ്റി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

യുസിഎഫ് - ഇന്ത്യാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.