പ്രതിഷേധമിരമ്പി കർഷക സംഗമം

പ്രതിഷേധമിരമ്പി കർഷക സംഗമം

കൊച്ചി: ബഫർ സോണിനെതിരെയും കർഷകവിരുദ്ധ നിലപാടുകൾക്ക് എതിരെയും കത്തോലിക്കാ കോൺഗ്രസ് നടത്തിവരുന്ന തുടർ സമരങ്ങളുടെ ഭാഗമായി കാഞ്ചിയാർ കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ 110 കെ വി ഡബിൾ സർക്യൂട്ട് ലൈൻ പദ്ധതി ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഒഴിവാക്കി നടപ്പാക്കുക, ബഫർസോൺ നിയമം പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാഞ്ചിയാർ ലബ്ബക്കടയിൽ നടത്തിയ പ്രതിഷേധ റാലിയിലും കർഷക പ്രതിഷേധ സംഗമത്തിലും ജനരോഷം ഇരമ്പി.

കാഞ്ചിയാർ പഞ്ചായത്തിലെ 400 ഓളം കർഷകരുടെ വാസ സ്ഥലങ്ങളെയും കൃഷിഭൂമിയെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് 110 കെ വി ഡബിൾ സർക്യൂട്ട് ലൈനിൻ്റെ ഇപ്പോഴത്തെ അലൈൻമെന്റ് നിശ്ചയിച്ചിട്ടുള്ളത് പ്രസ്തുത അലൈൻമെൻറ് ഉപേക്ഷിക്കണം എന്നും , ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി തേക്കും പ്ലാന്റേഷനിലൂടെയോ കേബിൾ മുഖേനയോ പദ്ധതി നടപ്പാക്കണം എന്നും ആവശ്യം ഉയർന്നിട്ട് കാലങ്ങൾ ഏറെയായി എന്നാൽ ഇത് പരിഗണിക്കുന്നില്ല എന്ന് മാത്രമല്ല ജനദ്രോഹപരമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം ഭൂമി അടിയന്തര ആവശ്യങ്ങൾക്ക് വിൽക്കുവാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ട സമയം മുതൽ പ്രദേശവാസികൾ ഇവരുടെ ആശങ്കകൾ മണ്ഡലത്തിലെ മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രദേശത്തെ ആകമാനം ബാധിക്കുന്ന ബഫർസോൺ വിഷയത്തിലും ജനപ്രതിനിധികളുടെ മൗനം പ്രതിഷേധാർഹമാണ്.

ബഫർ സോണിൽ സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന പുനഃ പരിശോധന ഹർജി കർഷകരെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നതാണ് ഉപഗ്രഹ സർവേ നടത്തി പ്രദേശം മുഴുവൻ വനമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചും ബഫർ സോണിൽ ഉൾപ്പെടുന്ന ആകെ ഭൂവിസ്തൃതി കുറച്ചു കാണിച്ചു കൊണ്ടും ഇപ്പോഴുള്ള ജനവാസ മേഖലകളും കൃഷിയിടങ്ങളും ആദിവാസികളും കർഷകരും വനം കയ്യേറിയതാണ് എന്ന വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ അവതരിപ്പിച്ചും , ആണ് വനംവകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് മലയോര കർഷകനെ ശത്രുപക്ഷത്ത് കാണുന്ന വനം വകുപ്പ് തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ പുനഃ പരിശോധന ഹർജി കേരളത്തിൽ ബഫർസോൺ നടപ്പാക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഇത്തരം കർഷക വിരുദ്ധ നിലപാടുകളും ആയാണ് മുന്നോട്ടു പോകുവാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ തുടരുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

കർഷക പ്രതിഷേധ സംഗമം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ബഫർ സോൺ വിഷയത്തിലും 110 കെവി ലൈൻ അലൈൻമെന്റ് മായി ബന്ധപ്പെട്ട വിഷയത്തിലും ജനപ്രതിനിധികളുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.

ലൂർദ്ദ് മാതാ ചർച്ച് വികാരി ഫാ. തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തെ അഭിസംബോദന ചെയ്തു കൊണ്ട് രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ.ജിൻസ് കാരക്കാട് കത്തോലിക്ക കോൺഗ്രസ് രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ എൻഎസ്എസ് ശാഖാ പ്രസിഡണ്ട് കെ പി സുകുമാരൻ പിള്ള, എസ്എൻഡിപി ശാഖാ പ്രസിഡണ്ട് വിനോദ് മരങ്ങാട്ടുപറമ്പിൽ, ജെപിഎം മാനേജർ ഫാ. അബ്രഹാം പനികുളങ്ങര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജോസ് എംജെ മാമൂട്ടിൽ ,വ്യാപാര വ്യവസായി സമിതി പ്രസിഡണ്ട് ബാബു അഞ്ചാനി, ഫാ.ജോസ് കുന്നുംപുറം, ഫാ.ജെയിംസ് അമ്പഴത്തിങ്കൽ, കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ജോസ് മാമ്പ്രയിൽ എന്നിവർ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26