അയര്‍ലന്റില്‍ സൈക്ലിംഗിനിടെ വെള്ളച്ചാട്ടത്തില്‍പ്പെട്ട് രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; കണ്ണിരണിഞ്ഞ് യുകെ മലയാളി സമൂഹം

അയര്‍ലന്റില്‍ സൈക്ലിംഗിനിടെ വെള്ളച്ചാട്ടത്തില്‍പ്പെട്ട് രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; കണ്ണിരണിഞ്ഞ് യുകെ മലയാളി സമൂഹം

ലണ്ടന്‍ഡെറി: യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി നോര്‍ത്തേണ്‍ അയര്‍ലന്റിന് സമീപമുള്ള ലണ്ടന്‍ഡെറിയിലെ വെള്ളച്ചാട്ടത്തില്‍പ്പെട്ട് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ലണ്ടനഡെറിയിലെ അജു (സെബാസ്റ്റ്യന്‍ ജോസഫ്)-വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്ന് വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, ജോഷി സൈമണിന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് മരിച്ചത്. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഇന്നലെ വൈകിട്ടോടെ സുഹൃത്തുക്കള്‍ക്കൊപ്പം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്.

സ്‌കൂള്‍ അവധിയായതിനാല്‍ വൈകുന്നേരങ്ങള്‍ ഇവര്‍ സൈക്ലിംഗ് ഉള്‍പ്പടെ വിനോദങ്ങളില്‍ ഏര്‍പ്പെടാറുള്ളതാണ്.  കുത്തിയൊലിച്ച് ഒഴുകുന്ന ലണ്ടന്‍ഡെറിയിലെ തടാകത്തിന് സമീപം എത്തിയപ്പോള്‍ റുവാന്‍ വെള്ളത്തിലേക്ക് ഇറങ്ങി. ഒഴുക്ക് ശക്തമായിരുന്നതിനാല്‍ കാല്‍വഴുതി വെള്ളക്കെട്ടിലേക്ക് വീണു. ചെളിയില്‍ കാലുകള്‍ പൂണ്ടു പോയ റുവാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോപ്പുവും അപകടത്തില്‍പ്പെട്ടത്.

അപകടം സംഭവിച്ചയുടന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം റുവാനെ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് ആണ് റെസ്‌ക്യൂ ടീമും മുങ്ങള്‍ വിദഗ്ധ സംഘവും നടത്തിയ തിരച്ചിലില്‍ ജോപ്പുവിന്റെ മൃതദേഹം കണ്ടെടുത്തത്.

മൃതദേഹങ്ങള്‍ സമീപത്തെ അല്‍റ്റ്നാഗെല്‍വിന്‍ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും പുരോഹിതരും മലയാളികളും അടക്കം നിരവധി പേര്‍ സംഭവമറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയിരുന്നു. അപകട സ്ഥലം പൊലീസ് ബാരിക്കേട് വച്ചു അടച്ചു. സ്ഥലം എംഎല്‍എ സിയാറ ഫെര്‍ഗൂസണും സ്ഥലത്തെത്തി സ്ഥിഗതികള്‍ വിലയിരുത്തി. മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു.

എരുമേലി കൊരട്ടി കുറുവാമൂഴിയിലെ ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ് മരിച്ച ജാപ്പുവിന്റെ പിതാവ് അജു. റോഷന്റെ പിതാവ് ജോഷി കണ്ണൂര്‍ സ്വദേശിയാണ്. ജോസഫിന്റെയും റോഷന്റെയും അപകട മരണത്തില്‍ ബ്രിട്ടീഷ് മലയാളി സമുഹം ദുഖവും അനുശോചനവും രേഖപ്പെടുത്തി. ബെല്‍ഫാസ്റ്റില്‍ 19 കാരിയായ ഡയാന സണ്ണി മരണത്തിന്റെ ഞെട്ടലും ദുഃഖവും മാറും മുമ്പേയാണ് മറ്റൊരു ദാരുണമായ വാര്‍ത്ത കൂടി എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.