എസ്ബിഐയുടെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

എസ്ബിഐയുടെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓരോ ദിവസവും പുതിയ സൈബര്‍ തട്ടിപ്പുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഓരോ കാര്യം ചെയ്യുമ്പോഴും ഏറെ ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്. ഇവയില്‍ കൂടുതലും സാമ്പത്തിക തട്ടിപ്പുകളാണ്. ഇപ്പോള്‍ എസ്ബിഐയുടെ പേരിലും തട്ടിപ്പ് നടക്കുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

പാന്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്തുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് എസ്.ബി.ഐ യോനോ അക്കൗണ്ട് പരിഷ്‌കരിക്കാനാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്. അല്ലാത്ത പക്ഷം അക്കൗണ്ട് ബ്ലോക്കാക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇത്തരം സന്ദേശങ്ങളില്‍ വീഴരുതെന്ന് സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

താങ്കളുടെ യോനോ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാക്കിയതായും തുടര്‍ന്നും സേവനം ലഭിക്കാന്‍ പാന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുമാണ് സന്ദേശത്തില്‍ പറയുന്നത്. ഇതോടൊപ്പം നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുമെന്ന് പി.ഐ.ബിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ [email protected] വഴി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു. 1930 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിച്ചും പരാതി നല്‍കാവുന്നതാണ്. സന്ദേശങ്ങള്‍ വഴി ബാങ്ക് സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടാറില്ലെന്ന കാര്യം ഓര്‍ക്കണമെന്നും എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.