കൊളസ്‌ട്രോളും പാരമ്പര്യവും തമ്മില്‍ ബന്ധമുണ്ടോ? പരിശോധന ഏത് പ്രായത്തില്‍?

കൊളസ്‌ട്രോളും പാരമ്പര്യവും തമ്മില്‍ ബന്ധമുണ്ടോ? പരിശോധന ഏത് പ്രായത്തില്‍?

ഒരു ജീവിതശൈലി രോഗമായാണ് കൊളസ്‌ട്രോളിനെ നാം കണക്കാക്കുന്നത്. എന്നാല്‍ വെറും ജീവിതശൈലി രോഗം എന്ന നിലയ്ക്ക് നിസാരമായി ഇതിനെ കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാരണം വലിയ ശതമാനം കേസുകളിലും ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള മാരകമായ അവസ്ഥകളിലേക്ക് ആളുകളെ നയിക്കുന്നത് കൊളസ്‌ട്രോളാണ്.

രക്തത്തില്‍ കൊഴുപ്പ് അടിഞ്ഞു കിടക്കുന്ന അവസ്ഥയാണിത്. ഇത് അധികരിച്ച് രക്തക്കുഴലുകളില്‍ കട്ടിയായി കിടന്ന് രക്തയോട്ടം നിലയ്ക്കുകയോ, തടസപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്നത്.

കൊളസ്‌ട്രോള്‍ ജീവിതശൈലി രോഗമാണെന്ന് തുടക്കത്തിലേ പറഞ്ഞുവല്ലോ. അതായത് മോശം ജീവിത രീതികളുടെ ഭാഗമായി ഉണ്ടാകുന്നതാണ്. അനാരോഗ്യകരമായ ഡയറ്റ്, വ്യായാമമില്ലായ്മ എല്ലാം ഇത്തരത്തില്‍ കൊളസ്‌ട്രോളിലേക്ക് നയിക്കാം. എന്നാല്‍ ഇത് പാരമ്പര്യമായി വരുമോ എന്ന് പലര്‍ക്കും സംശയമുണ്ട്. അതുപോലെ എത്ര വയസ് മുതല്‍ കൊളസ്‌ട്രോളിനെ ഭയപ്പെടണം എന്നിങ്ങനെയും സംശയങ്ങള്‍ നിരവധിയാണ്.

കൊളസ്‌ട്രോള്‍ പാരമ്പര്യമായി വരുന്നൊരു പ്രശ്‌നം തന്നെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എല്ലാവരിലും ഇങ്ങനെ തന്നെ ആകണം കൊളസ്‌ട്രോള്‍ പിടിപെടുന്നത് എന്നര്‍ത്ഥമില്ല. എന്നാല്‍ പാരമ്പര്യമായി വരുന്ന കേസുകള്‍ ഒട്ടും കുറവല്ല. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ ഇടവിട്ട് കൊളസ്‌ട്രോള്‍ പരിശോധിക്കണം. കാരണം നിങ്ങളില്‍ ഇതിനുള്ള സാധ്യതയുണ്ടാകാം.

മാത്രമല്ല, ചെറുപ്പക്കാരില്‍ ഹൃദയാഘാതവും പക്ഷാഘാതവുമെല്ലാം സംഭവിക്കുന്ന കേസുകളിലും കൊളസ്‌ട്രോള്‍ പാരമ്പര്യമായി വരുന്നതാകാനാണ് സാധ്യത കൂടുതലും.
ഇനി ഏത് പ്രായം മുതല്‍ക്കാണ് കൊളസ്‌ട്രോള്‍ പരിശോധിച്ചു തുടങ്ങേണ്ടത് എന്നുകൂടി അറിയാം. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ഇത് തുടങ്ങണം. ഒന്‍പത് വസില്‍ കുട്ടികളില്‍ ഒരു തവണ പരിശോധന നടത്തുന്നതാണ് ഉചിതം. ഇതിന് ശേഷം 17 മുതല്‍ 20 വരെ പ്രായത്തിനുള്ളിലും പരിശോധിക്കാം. 20 കടന്നാല്‍ പിന്നെ തീര്‍ച്ചയായും കൃത്യമായ ഇടവേളകളില്‍ കൊളസ്‌ട്രോള്‍ പരിശോധിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പാരമ്പര്യമായി ഇത് കൈമാറി വരുന്ന കുടുംബങ്ങളിലെ അംഗങ്ങളാണെങ്കില്‍.

ഇരുപത് വയസ് വരെ പ്രായമുള്ളവര്‍ക്ക് 170 മില്ലിഗ്രാം പെര്‍ ഡെസിലിറ്റര്‍ ആണ് നോര്‍മല്‍ കൊളസ്‌ട്രോള്‍. അതിന് മുകളില്‍ പ്രായം വരുന്നവര്‍ക്ക് 200 മില്ലിഗ്രാം പെര്‍ ഡെസിലിറ്ററും. 210നും 220നും ഇടയ്ക്കാണെങ്കില്‍ അത് ബോര്‍ഡര്‍ ആയി കണക്കാക്കുന്നു. ഇതിലും മുകളില്‍ പോയാല്‍ അപകടമായും കണക്കാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.