വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു; പൊലീസുമായി നേരിയ ഉന്തും തള്ളും

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ  പ്രതിഷേധം തുടരുന്നു;  പൊലീസുമായി നേരിയ ഉന്തും തള്ളും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു. ബാരിക്കേഡ് മറികടന്ന് സമരക്കാര്‍ അകത്തേക്ക് കയറി. തടയാന്‍ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ആഘാത പഠനം നടത്താന്‍ തങ്ങള്‍ക്കൂടി ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ശക്തമായ നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. ഈ നിലപാടിന് തീരദേശ വാസികളുടെ പിന്തുണ ഏറി വരുന്നത് സമര സമിതിക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കുന്നുണ്ട്.

സമരത്തോട് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ സമീപനമല്ല സ്വീകരിക്കുന്നതെന്നാണ് ലത്തീന്‍ കത്തോലിക്കാ സഭ ഉന്നയിക്കുന്ന ആരോപണം. ഇത് ശരി വെക്കുന്നതാണ് മത്സ്യത്തൊഴിലാളി നേതാക്കളുമായി ഫിഷറീസ് മന്ത്രി വി. അബ്ദു റഹ്മാന്‍ ഇന്നലെ നടത്തിയ ചര്‍ച്ച. ചര്‍ച്ചയ്ക്കിടെ പല പ്രാവശ്യം മന്ത്രി മറ്റ് പരിപാടികള്‍ക്കായി പോയി.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികളിലാണ് കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്.

എന്നാല്‍ സമരം ചെയ്യരുത് എന്ന് കോടതി പറഞ്ഞില്ലെന്നും അന്തിമ വിധിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമര സമിതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.