കുടിയേറ്റ വിസകളുടെ എണ്ണം 1,95,000 ആയി വര്‍ധിപ്പിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

കുടിയേറ്റ വിസകളുടെ എണ്ണം 1,95,000 ആയി വര്‍ധിപ്പിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ സര്‍ക്കാര്‍ കുടിയേറ്റ പരിധി വര്‍ധിപ്പിക്കും. ഈ വര്‍ഷത്തെ സ്ഥിര കുടിയേറ്റ വിസകളുടെ (പെര്‍മനന്റ് ഇമിഗ്രേഷന്‍ വീസ) എണ്ണം 1,95,000 ആയാണ് വര്‍ധിപ്പിക്കുന്നത്. നേരത്തെ 1,60,000 വീസകളാണ് അനുവദിച്ചിരുന്നത്. പല മേഖലകളിലും തൊഴിലാളി ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണു തീരുമാനം.

കോവിഡ് മഹാമാരിയെതുടര്‍ന്ന് രണ്ടു വര്‍ഷത്തിലധികം ഓസ്‌ട്രേലിയയില്‍ കുടിയേറ്റമൊന്നും അനുവദിച്ചിരുന്നില്ല. കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിനും വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടുന്നതിനും കാരണമായിരുന്നു. ഇതോടെ ആരോഗ്യം ഉള്‍പ്പെടെ പല മേഖലകളിലും കടുത്ത തൊഴിലാളി ക്ഷാമമാണ് അനുഭവപ്പെടുന്നത്.

പുതിയ പ്രഖ്യാപനത്തോടെ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് രാജ്യത്ത് എത്താനുള്ള സാഹചര്യമാണു തുറക്കുന്നത്. അതുപോലെതന്നെ കൂടുതല്‍ എന്‍ജിനീയര്‍മാര്‍ക്കും അവസരങ്ങള്‍ ലഭിക്കുമെന്ന് ആഭ്യന്തരകാര്യമന്ത്രി ക്ലേര്‍ ഒനീല്‍ പറഞ്ഞു.

ഹ്രസ്വകാല തൊഴിലാളികള്‍ക്കു പകരം സ്ഥിരമായ കുടിയേറ്റം പ്രോല്‍സാഹിപ്പിക്കുകയും പൗരത്വം അനുവദിച്ച് അവരെ രാഷ്ട്രനിര്‍മാണത്തിലേക്കു നയിക്കുക എന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ മുന്‍ഗണനകളിലൊന്നെന്ന് ഓസ്‌ട്രേലിയയില്‍ നടക്കുന്ന തൊഴില്‍ ഉച്ചകോടിയില്‍
മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന വിസകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ 36.1 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ആന്‍ഡ്രൂ ഗില്‍സ് പറഞ്ഞു.

താല്‍ക്കാലിക കുടിയേറ്റത്തെ ആശ്രയിച്ചതിലൂടെ ഓസ്ട്രേലിയയിലെ തൊഴില്‍ ശേഷി വളരെ ദുര്‍ബലമായെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയെ ഉദ്ധരിച്ച് എ.ബി.സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 3.4 ശതമാനത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.