കാലിക ലോകത്തിൽ ഉറച്ച നിലപാടുകൾ ഉള്ള ആത്മീയനായ ഇടയൻ; തന്റെ ആടുകളുടെ കൂടെ നിന്ന് അവരെ സംരക്ഷിക്കുന്നവൻ; അതാണ് യഥാർത്ഥ ഇടയൻ. കേരള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ പണ്ഡിതനും അതേ സമയം ആത്മീയതയിൽക്കൂടി പാലായിലെ ദൈവജനത്തെ നയിക്കുകയും ചെയ്യുന്ന ഇടയൻ. ബൈബിളിലെ ഇടയനെ മാർ ജോസഫ് കല്ലറങ്ങാട്ട്, സഭയെ ഓർമ്മിപ്പിക്കുന്നു. എപ്പോഴും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഇടയൻ. കത്തോലിക്കാ സഭയിൽ എല്ലാ കാലത്തിലും സഭയെ നേരായ വഴിയില്‍ നയിക്കാന്‍ ദൈവം വ്യക്തികളെ തിരഞ്ഞെടുക്കാറുണ്ട്. അവരെ പ്രവാചകന്മാരെന്നോ, ഇടയന്മാരെന്നോ, നേതാക്കന്മാരെന്നോ വിളിക്കാം. അത്തരമൊരു ജനുസ്സിൽ പെട്ട ഇടയനാണ് മാർ ജോസഫ് കല്ലറങ്ങാട്ട്. തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുതെന്ന് അദ്ദേഹത്തിന്റെ ജീവിതം സഭാമക്കളെ പഠിപ്പിക്കുന്നു. ഇന്ന് കത്തോലിക്കാ സഭയുടെ ഭാവി തന്നെ നിലനിൽക്കുന്നത് ഉറച്ച ധാർമിക നിലപാടുകളിലാണ്.
തീഷ്ണതയോടെ വായിക്കുകയും ഉറച്ച പ്രവാചക ശബ്ദത്തിലൂടെ ദൈവവചനം പ്രഘോഷിക്കുകയും ചെയ്യുന്ന ഇടയൻ. പ്രവാചക വചനം പ്രഭാഷണവും പ്രബോധനവുമായി പ്രത്യക്ഷമാകും. പ്രവാചകന്‍ ധര്‍മത്തിന്റെ സാക്ഷിയാണ്. സത്യം വിളിച്ചു പറയാൻ പ്രവാചകന് അധികാരം നല്കുന്നതു നമ്മോടും മറ്റുള്ളവരോടുമുള്ള ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വം മൗലികമായി നീതിയുടെ നിലവിളിയാണ്. ആ നീതിക്കു വേണ്ടിയാണ് മാർ കല്ലറങ്ങാട്ട് നില കൊള്ളുന്നത്. ആരേയും പ്രീതിപ്പെടുത്താൻ നിൽക്കാതെ നിർഭയനായി തീരുമാനങ്ങൾ ഉറക്കെ പ്രഖ്യാപിച്ച ഇടയശ്രേഷ്ഠൻ. മതനിരപേക്ഷതയുടെ മഹത്തായ ആധുനിക പ്രവാചകരുടെ ഗണത്തിൽ അദ്ദേഹം എണ്ണപ്പെടുന്നു. സത്യസന്ധമായ അഭിപ്രായങ്ങളും, വ്യക്തമായ നിലപാടുകളും കൊണ്ട് സാധാരണക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാൻ അദ്ദേഹത്തിന് കഴിയുന്നത് ഉറച്ച നിലപാടുകളുടെ പിൻബലത്തിലാണ്.
ഓരോ പ്രവാചകന്റെയും ജീവിതത്തിലും നടപടികളിലും നിത്യനായ യേശുവിന്റെ വരവാണ്, ഉണരലാണ് സംഭവിക്കുന്നത്. അവന്‍ സംഭാഷിക്കുകയല്ല, അവന്‍ അടയാളപ്പെടുത്തുകയാണ് – അതായത് ധര്‍മത്തിന്റെ വഴി അടയാളപ്പെടുത്തുന്നു. നല്ല ഇടയന് മാത്രമേ പരിക്കുപറ്റിയവരെ തോളിൽ എടുക്കാനും വയ്യാത്തവരെയൊക്കെ പതുക്കെ നടത്താനും കഴിയൂ. ആദ്യകാല കൂട്ടായ്മയുടെ ആനന്ദത്തിലേക്കു ഇന്നത്തെ സഭകൾക്ക് മടങ്ങാൻ കഴിയണമെങ്കിൽ മാർ കല്ലറങ്ങാട്ടിനെപ്പോലെയുള്ളവരുടെ ഉറച്ച നിലപാടുകൾ ആവശ്യമാണ്. നല്ല ഇടയനായ യേശുവിൻറെ ദൗത്യം തുടരാൻ ആധുനിക ലോകത്തിലെ സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ കല്ലറങ്ങാട്ടിന്റെ നിലപാടുകൾ നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.
ആകയാൽ, നല്ല ഇടയനായ യേശു തന്റെ ആടുകളെ സംരക്ഷിക്കുകയും അറിയുകയും എല്ലാറ്റിനുമുപരിയായി സ്നേഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവിടുന്ന് അവയ്ക്കായി സ്വന്തം ജീവൻ നല്കുന്നു (യോഹന്നാൻ 10:15).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26