കൊളംബോ: പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി. കഴിഞ്ഞ ജൂലൈയില്‍ രാജ്യം വിട്ട അദ്ദേഹം ശനിയാഴ്ച (സെപ്റ്റംബര്‍ 3) പുലര്‍ച്ചെ കൊളംബോയിലെത്തുകയായിരുന്നു. മുന്‍ പ്രസിഡന്റിന്റെ വസതിയിലാണ് അദ്ദേഹത്തിന് താമസം ഒരുക്കിയത്. ശ്രീലങ്കയിലെ മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചതോടെ രാജ്യത്ത് ഉയര്‍ന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഗോതബായ വിദേശത്തേക്ക് കടന്നത്. പ്രകോപിതരായ ജനങ്ങള്‍ രാജപക്സെയുടെ ഓഫിസും വസതിയും ആക്രമിച്ചിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജൂലൈ ഒന്‍പതിന് വന്‍ പ്രക്ഷോഭമാണ് കൊളംബോയില്‍ ഉണ്ടായത്. തുടര്‍ന്ന് ജൂലൈ 13 നാണ് അദ്ദേഹം രാജ്യം വിട്ടത്.
മാലിദ്വീപു വഴി സിംഗപ്പൂരിലെത്തിയ ശേഷമാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. 14 ദിവസത്തെ സന്ദര്‍ശന പാസായിരുന്നു ഇവിടെ അദ്ദേഹത്തിന് അനുവദിച്ചിരുന്നത്. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ തായ്ലന്‍ഡില്‍ ചെലവഴിച്ചു. ഈ രാജ്യത്തെത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും സ്വദേശത്തെത്തുന്നത്.
ഗോതബായ രാജപക്സെയെ ശ്രീലങ്കയിലെത്തിക്കാന്‍ നീക്കം നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവിലെ ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നായിരുന്നു വാര്‍ത്ത. രാജപക്സെയുമായി ഫോണില്‍ ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായും വിവരമുണ്ടായിരുന്നു.
ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന നേതാവും ബന്ധുവുമായ ബേസില്‍ രാജപക്സെ അടക്കമുള്ള നേതാക്കള്‍ വിക്രമസിംഗെയെ കാണുകയും മുന്‍ പ്രസിഡന്റിനെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.