സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ നീട്ടാന്‍ പിണറായി-ബൊമ്മെ ചര്‍ച്ച; അതിവേഗ റെയില്‍ പാതയ്ക്കായി സ്റ്റാലിന്‍

സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ നീട്ടാന്‍ പിണറായി-ബൊമ്മെ ചര്‍ച്ച; അതിവേഗ റെയില്‍ പാതയ്ക്കായി  സ്റ്റാലിന്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയെന്ന ആശയമാണ് മേഖലാ കൗണ്‍സില്‍ യോഗത്തില്‍ പൊതുവേ ഉയര്‍ന്നു വന്നത്.

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഈ മാസം അവസാനം ബംഗലൂരുവില്‍ വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ കാസര്‍കോട് നിന്നും മംഗലൂരു വരെ നീട്ടുന്നതിന് കര്‍ണാടകയുടെ പിന്തുണ തേടിയാണ് കൂടിക്കാഴ്ച. ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. എന്നാല്‍ കേരളത്തില്‍ തന്നെ പദ്ധതി പ്രാബല്യത്തിലാകുമോ എന്ന് ഉറപ്പില്ല.

തലശേരി-മൈസൂര്‍- നഞ്ചന്‍കോട് റെയില്‍ പാതയും പിണറായി-ബസവരാജ് ബൊമ്മെ കൂടിക്കാഴ്ചയില്‍ മുഖ്യ ചര്‍ച്ചയാകും. ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ കൂടി പിന്തുണ ലഭിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലെ കേന്ദ്ര തടസം വേഗം നീക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

അതേസമയം അതിവേഗ റെയില്‍പാത വേണമെന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. ചെന്നൈ-കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.

അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയില്‍ ഇടനാഴി. തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയെന്ന ആശയമാണ് ചര്‍ച്ചയില്‍ പൊതുവേ ഉയര്‍ന്നു വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.