എട്ട് സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് കണ്ടെത്തല്‍. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതി മോടിയോടെ തുടരുന്നുവെന്നും കേരളത്തില്‍ ജനപ്രീയന്‍ സുരേഷ് ഗോപിയാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലും ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കും. കര്‍ണാടക, ത്രിപുര, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷവും നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും വേണ്ടത്ര ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നത്.
കേരളത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സിനിമാ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപി ആണെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി അധ്യക്ഷന്മാരുടെയും ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കാണ് ബിജെപി രൂപം കൊടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെക്കാളും മുഖ്യമന്ത്രിമാരെക്കാളും പ്രതിപക്ഷത്തിന്റെ എല്ലാ പ്രമുഖ നേതാക്കളെക്കാളും ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നതെന്നും സര്‍വ്വേ പറയുന്നു. ഈ സാഹചര്യത്തില്‍ എട്ട് സംസ്ഥാനങ്ങളിലും മോഡിയുടെ ജനപ്രീതി തന്നെ ഉപയോഗപ്പെടുത്താനാണ് ബിജെപി തീരുമാനം.
മാത്രമല്ല, സംസ്ഥാനങ്ങളിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന വാഗ്ദാനവും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.