'കുട്ടി മറ്റ് യാത്രക്കാര്‍ക്ക് ശല്യം'; ഓട്ടിസം ബാധിച്ച കുട്ടിയെ ടിക്കറ്റ് പരിശോധക അധിക്ഷേപിച്ചെന്ന പരാതിയുമായി മാതാപിതാക്കള്‍

'കുട്ടി മറ്റ് യാത്രക്കാര്‍ക്ക് ശല്യം'; ഓട്ടിസം ബാധിച്ച കുട്ടിയെ ടിക്കറ്റ് പരിശോധക അധിക്ഷേപിച്ചെന്ന പരാതിയുമായി മാതാപിതാക്കള്‍

കൊച്ചി: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയുമായി യാത്ര ചെയ്യവേ ടിക്കറ്റ് പരിശോധക കുട്ടിയെ അധിക്ഷേപിച്ചെന്ന പരാതിയുമായി മാതാപിതാക്കള്‍. കോട്ടയം മാടപ്പള്ളി സ്വദേശിയായ ശ്രീജിത്താണ് വേണാട് എക്സ്പ്രസിലെ ടിക്കറ്റ് പരിശോധകക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

വെള്ളിയാഴ്ച കുട്ടിയുടെ ചികിത്സക്കായി ഷൊര്‍ണൂരിലുള്ള ആശുപത്രിയില്‍ പോയി വേണാട് എക്സ്പ്രസില്‍ തിരികെ ചങ്ങനാശേരിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ട്രെയിന്‍ അങ്കമാലി കഴിഞ്ഞപ്പോള്‍ കുട്ടി കരഞ്ഞ് വാശി പിടിക്കാന്‍ തുടങ്ങി. എന്താണ് കാരണമെന്താണെന്നറിയാതെ വിഷമിച്ച മാതാവിനോട് മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് ടിക്കറ്റ് പരിശോധക കയര്‍ക്കുകയും കുട്ടി മറ്റ് യാത്രക്കാര്‍ക്ക് ശല്യമാണെന്ന് പറയുകയുമായിരുന്നു.

ഭിന്നശേഷിക്കാര്‍ക്കായുള്ള റിസര്‍വേഷന്‍ ക്വാട്ടയിലാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥക്ക് ഭിന്നശേഷിക്കാരിയായ കുട്ടിയാണെന്ന് അറിയാമായിരുന്നു. എന്നിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി മനസിലാക്കാതെ ശല്യമെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നുവെന്ന് പിതാവ് ശ്രീജിത്ത് പരാതിയില്‍ പറയുന്നു.

അവളുടെ ആവശ്യം എന്താണെന്ന് ചിലപ്പോള്‍ നമുക്ക് മനസിലാകില്ല. അത്തരം സമയങ്ങളില്‍ കുട്ടി കരയുകയും ബഹളം വെയ്ക്കുകയും ചെയ്യാറുണ്ട്. എല്ലാവരും കുട്ടിയെ ശ്രദ്ധിക്കുകയും കുട്ടിയെപ്പറ്റി ചോദിക്കുകയും ചെയ്യും. കുട്ടിയുടെ മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ക്കത് വലിയ വിഷമമാണെന്നും പിതാവ് പറയുന്നു. പ്രത്യേകിച്ച് ഭാര്യ അമ്പിളിക്ക്.

കുട്ടിയെ കഴിഞ്ഞ ആറ് വര്‍ഷമായി ഷൊര്‍ണൂരിലുള്ള ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. ചികിത്സക്കായി മിക്കപ്പോഴും ട്രെയിനില്‍ തന്നെയാണ് പോകാറുള്ളത്. അപ്പോഴെല്ലാം അടുത്തിരിക്കുന്നവര്‍ കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിക്കുകയും തങ്ങളെ സമാധാനിപ്പിക്കാറുമാണ് പതിവെന്നും ശ്രീജിത്ത് പറയുന്നു.

പക്ഷേ ഇത്തവണ ഭാര്യയും കുട്ടിയും ആശുപത്രിയില്‍ പോയി വരുമ്പോഴാണ് റെയില്‍വേ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു പെരുമാറ്റം. ഇതോടെ മാനസികമായി തകര്‍ന്ന നിലയിലാണ് ഭാര്യ. ഇനി കുട്ടിയുമായി ട്രെയിനില്‍ യാത്ര ചെയ്യില്ലെന്നാണ് ഭാര്യ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്കും ഗ്രീവന്‍സ് പോര്‍ട്ടലിലും ഉദ്യോഗസ്ഥക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു.

മനുഷ്യനായി പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ട്രെയിനില്‍ ധൈര്യമായി യാത്ര ചെയ്തിരുന്നത്. ആ ധൈര്യമാണ് മകളെ നിര്‍ദയം ശല്യമെന്ന് അധിക്ഷേപിച്ച് ടിക്കറ്റ് പരിശോധക ഒരു നിമിഷം കൊണ്ട് ചോര്‍ത്തികളഞ്ഞത്. വൈകല്യമുള്ള ഒരാളെ സംരക്ഷിക്കുന്നവര്‍ക്കേ ഇത്തരം വാക്കുകള്‍ സൃഷ്ടിക്കുന്ന മനപ്രയാസം എത്ര വലുതായിരിക്കുമെന്ന് തിരിച്ചറിയാനാകൂ.

ഭിന്നശേഷിക്കാര്‍ക്ക് തുല്യ നീതി നിഷേധിച്ചാലോ, അവരെ പരിഹസിച്ചാലോ, ആക്രമിച്ചാലോ കടുത്ത നടപടി സ്വീകരിക്കാന്‍ നിയമങ്ങളുണ്ട്.

ഈ ഉദ്യോഗസ്ഥക്കെതിരേ നടപടി വേണം. കാരണം ഇനി ഒരു കുട്ടിയും ഒരു മാതാപിതാക്കളും ഇത്തരത്തില്‍ അപമാനിക്കപ്പെടരുത്. കൂടാതെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇത്തരം കുട്ടികളെക്കുറിച്ചുള്ള അവബോധം നല്‍കണമെന്നും പിതാവ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.