രാഷ്ട്രീയ നേതാക്കള്‍ക്ക് ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ല; നിരസിച്ചത് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്തതിന് ശേഷമെന്ന് ശൈലജ

രാഷ്ട്രീയ നേതാക്കള്‍ക്ക് ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ല; നിരസിച്ചത് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്തതിന് ശേഷമെന്ന് ശൈലജ

തിരുവനന്തപുരം: പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി മാഗ്സസെ അവാര്‍ഡ് കമ്മറ്റി അറിയിച്ചിരുന്നതായി കെ.കെ.ശൈലജ. കേന്ദ്രകമ്മറ്റി അംഗമെന്ന നിലയില്‍ സി.പി.എം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്.

പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്നും കണ്ടു. അവാര്‍ഡ് കമ്മറ്റിയോട് നന്ദി പറഞ്ഞു കൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.

ജ്യോതി ബസു പ്രധാനമന്ത്രി പദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല.

കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്‍മെന്റ് എന്ന നിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കോവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മറ്റി അറിയിച്ചതെന്നും കെ.കെ ശൈലജ പറഞ്ഞു.

കെ.കെ.ശൈലജയ്ക്ക് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചിട്ടും സ്വീകരിക്കുന്നത് സിപിഎം പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലക്കിയിരുന്നു. നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് സിപിഎം വിലയിരുത്തല്‍. നിപയ്ക്കും കോവിഡ് മഹാമാരിയ്ക്കും എതിരായ പ്രതിരോധങ്ങള്‍ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ വ്യക്തിഗത ശേഷിയുടെ പേരില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.