തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്കെതിരെ അധിക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം.
'ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണ്' - ഇതായിരുന്നു പിണറായിയുടെ പരാമര്‍ശം.
സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് അപര്യാപ്തമായതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ മത്സ്യത്തൊഴിലാളികളോട് സഭാ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടയ ലേഖനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ക്യാമ്പുകളില്‍ കഴിയുന്ന 284 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതം വാടക നല്‍കുന്ന പദ്ധതിയാണ് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ആരേയും പരിപാടിയിലേക്ക് അയക്കരുത്. നമ്മള്‍ കൂടുതല്‍ കരുതലോടെ ചടങ്ങിനെ അവഗണിക്കണം. ഇത് വന്‍ ചതിയാണ്. എന്നൊക്കെയുള്ള തരത്തില്‍ ചില പ്രചാരണങ്ങള്‍ നടന്നു. ചതി ശീലമുള്ളവര്‍ക്കേ ഇങ്ങനെ പറയാന്‍ സാധിക്കൂ. ഞങ്ങളുടെ അജണ്ടയില്‍ ചതിയില്ല. എന്താണോ പറയുന്നത് അത് ചെയ്യും. ചെയ്യാന്‍ പറ്റുന്നത് എന്താണോ അതേ പറയൂ.
ആരേയും പറ്റിക്കാനോ ചതിക്കാനോ ഞങ്ങളില്ല. ഈ സ്ഥാനത്തിരുന്നു കൊണ്ട് ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ഇതൊരു വലിയ കാര്യമല്ല. എന്നാല്‍ ഇത് കാര്യമായി പ്രചരിക്കുന്ന സന്ദേശം ആയതുകൊണ്ടാണ് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ തങ്ങള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കും വരെ സമരം തുടരാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.