തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പാലക്കാട് തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നാണ് എം.ബി രാജേഷ് നിയമസഭയിലെത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ സ്പീക്കറായിരുന്നു രാജേഷ്. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിസഭയിലെത്തിയത്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ ദേശീയ പ്രസിഡന്റുമായ എം.ബി. രാജേഷ് രണ്ടു തവണ ലോകസഭ അംഗമായിട്ടുണ്ട്.
തനിക്ക് ലഭിക്കുന്ന വകുപ്പ് ഏതായാലും അഴിമതിക്കും നീതിരാഹിത്യത്തിനും കൂട്ടുനില്‍ക്കില്ലെന്ന് എം.ബി രാജേഷ് വ്യക്തമാക്കിയിരുന്നു. വകുപ്പ് ഏതാണെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും കഴിവിന്റെ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സ്പീക്കര്‍ പദവി തന്റെ വ്യക്തിത്വത്തെ വളരെയധികം സ്വാധീനിച്ചതായി രാജേഷ് പറഞ്ഞു. സ്പീക്കറായിരുന്നപ്പോള്‍ വന്ന വിമര്‍ശനങ്ങളെ ഉള്‍പ്പടെ വളരെ പോസിറ്റിവായാണ് കണ്ടത്. ജനാധിപത്യത്തില്‍ ആരും വിമര്‍ശനത്തിന് അതീതരാണെന്ന് വിശ്വസിക്കുന്നില്ല. വിമര്‍ശനങ്ങള്‍ സ്വയം വിലയിരുത്തും.
സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിലൂടെ താന്‍ ജനങ്ങളുടെ വിമര്‍ശനാത്മകമായ പിന്തുണയാണ് ആവശ്യപ്പെട്ടതെന്നും എം.ബി രാജേഷ് പറഞ്ഞു. ഉപാധികളില്ലാത്ത പിന്തുണയെന്ന് താന്‍ ഒരിക്കലും പറയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി ആയതോടെ രാജിവച്ച ഒഴിവിലേക്കാണ് എം.ബി രാജേഷ് എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.